x

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ഗ്യാരേജിന്റെ ദുരവസ്ഥ മാറ്റാൻ ഒടുവിൽ ജീവനക്കാർ തന്നെ വേണ്ടി വന്നു. വെഞ്ഞാറമൂട് ഡിപ്പോ നിലവിൽ വന്നപ്പോൾ മാർക്കറ്റിന് സമീപത്തെ സ്ഥലമാണ് ഗ്യാരേജിനായി നെല്ലനാട് ഗ്രാമപഞ്ചായത്ത് അനുവദിച്ചു നൽകിയത്. തീർത്തും ചതുപ്പ് പ്രദേശമായതിനാൽ ചെറിയ ഒരു മഴ പെയ്താൽ പോലും ഇവിടം വെള്ളക്കെട്ടായി മാറും. കൂടാതെ അശാസ്ത്രീയമായ രീതിയിൽ നിർമ്മിച്ച ഗ്യാരേജ് ഷെഡുകളും ചോർന്ന് ഒലിക്കുന്നു. സ്ത്രീകൾ ഉൾപ്പടെ ഏകദേശം നാല്പതോളം ജീവനക്കാർ പണിയെടുക്കുന്ന ഈ ഗ്യാരേജിൽ പ്രാഥമിക കാര്യങ്ങൾക്കുള്ള സൗകര്യങ്ങൾ പോലും അപര്യാപ്തം. കളക്ഷനിൽ കേരളത്തിലെ ഡിപ്പോകളിൽ മുൻപന്തിയിൽ നിൽക്കുന്ന വെഞ്ഞാറമൂട് ഡിപ്പോയിൽ നിന്നും ദിവസേന ബസുകൾ മുടങ്ങാതെ അയയ്ക്കുവാൻ ജീവനക്കാർ ഏറെ കഷ്ടപ്പെടുകയാണ്. ഗ്യാരേജിന്റെയും, ജീവനക്കാരുടെയും ദുരവസ്ഥ മാറ്റാൻ ഡിപ്പോ അധികതരും സമൂഹ്യപ്രവർത്തകരും നിരവധി തവണ നിവേദനങ്ങൾ നൽകിയിട്ടും അധികൃതരുടെ കണ്ണ് തുറന്നില്ല.

കാലവർഷം കനത്തതോടെ ഏറെ ദുരിതത്തിലായ ഗ്യാരേജ് നന്നാക്കാൻ ജീവനക്കാർ തന്നെ രംഗത്ത് വരികയായിരുന്നു. വെഞ്ഞാറമൂട് എ.ടി.ഒ ഷിജുവിന്റെ നേതൃത്വത്തിൽ ഒരു സംഘം തൊഴിലാളിൽ ഇന്നലെ പുലർച്ചെ ഗ്യാരേജിൽ എത്തി പരിസരം വൃത്തിയാക്കി. എ.ടി.ഒയെക്കൂടാതെ ജനറൽ കൺട്രോളിംഗ് ഇൻസ്പക്ടർ ജയപ്രകാശ്, മറ്റുജീവനക്കാരായ വിനോദ് , സന്തോഷ്, സത്യൻ, തുളസി, ജയകുമാർ, രാഹുൽ, എസ്.ജെ.കെ നായർ, ജസീറ തുടങ്ങിയവർ പങ്കെടുത്തു.