തിരുവനന്തപുരം: യാത്രക്കാരെ പെറ്റിയടിച്ച 'തുക" മുഴുവൻ സ്വന്തം പോക്കറ്റിലിട്ട് ലാവിഷായി 'മദ്യപിച്ച്" പെറ്റി ബുക്കുമായി മുങ്ങിയ സബ് ഇൻസ്പെക്ടർ ഒടുവിൽ പിടിയിൽ. ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌.ഐ കാരയ്ക്കാമണ്ഡപം സ്വദേശി നയിമാണ് (52) വ്യാഴാഴ്ച രാത്രി അറസ്റ്റിലായത്.

രണ്ടു ദിവസത്തെ പെറ്റി പിരിച്ചെടുത്ത 7500 രൂപയുമായാണ് നയിം മുങ്ങിയത്.

കഴിഞ്ഞ മേയിലായിരുന്നു സംഭവം. രാത്രി ഡ്യൂട്ടി പൂർത്തിയാക്കിയ എസ്‌.ഐ നയിം പിഴത്തുകയും പെറ്റി ബുക്കും പോക്കറ്റിലിട്ട് സ്ഥലം വിട്ടു. അടുത്ത ദിവസവും ഇതു തന്നെ ആവർത്തിച്ചു. സാധാരണ പെറ്റിത്തുകയും ബുക്കും സ്റ്റേഷൻ റൈറ്ററെ ഏല്പിക്കണമെന്നാണ് ചട്ടം. പിന്നീട് ഡ്യൂട്ടിക്ക് വന്നെങ്കിലും സ്റ്റേഷനിൽ കയറിയില്ല. പെറ്റി ബുക്ക് തിരികെ എത്തിക്കണമെന്ന് ഫോണിലൂടെ സി.ഐ ഉൾപ്പെടെയുള്ളവർ അറിയിച്ചെങ്കിലും നയിം തയ്യാറായില്ല.

ഇതിനിടെ ഇയാളെ അന്വേഷിച്ച് വീട്ടിലെത്തിയ പൊലീസുകാർ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി നയിമിന്റെ ഭാര്യ ഡി.ജി.പിക്ക് പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് സ്ഥിരീകരിച്ചു. കമ്മിഷണറുടെ നിർദ്ദേശപ്രകാരം കേസ് എടുത്തതോടെ നയിം ഫോൺ സ്വിച്ച് ഓഫ് ചെയ്തു നാടുവിട്ടു.

കഴിഞ്ഞദിവസം ഇയാൾ വീട്ടിൽ തിരിച്ചെത്തിയെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസെത്തി അറസ്റ്റു ചെയ്യുകയായിരുന്നു. ഇവിടെ നിന്ന് പെറ്റിബുക്കുകളും കണ്ടെത്തി.

പിഴ ഇനത്തിൽ ലഭിച്ച പണം മദ്യപിക്കാൻ ഉപയോഗിച്ചെന്നും കടബാദ്ധ്യതകളുള്ളതിനാൽ തിരിച്ചടയ്ക്കാൻ പണം ഇല്ലാത്തതിനാലാണ് മുങ്ങി നടന്നതെന്നും ഇയാൾ മൊഴി നൽകി. നയിമിനെ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തു. പെറ്റി രസീതിൽ കൃത്രിമം കാണിച്ചു പണം തട്ടിയിട്ടുണ്ടോയെന്നും അന്വേഷിക്കും.