തിരുവനന്തപുരം: കുടുംബശ്രീ വനിതാ സംരംഭകർ വളർത്തുന്ന കോഴികളെ വാങ്ങി ഇറച്ചിയാക്കി വിൽക്കുന്നതിന് മീറ്റ് പ്രോഡക്ട്സ് ഒഫ് ഇന്ത്യയും കുടുംബശ്രീയും തമ്മിൽ ധാരണയായി. ഉപഭോക്താക്കൾക്ക് ന്യായവിലയ്ക്ക് കോഴിയിറച്ചി ലഭ്യമാക്കുകയാണ് ലക്ഷ്യം. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ, മീറ്റ് പ്രോഡക്ട്സ് ഒഫ് ഇന്ത്യ മാനേജിംഗ് ഡയറക്‌ടർ ഡോ. ബിജുലാൽ എന്നിവർ ധാരണാപത്രം ഒപ്പുവച്ചു.

കുടുംബശ്രീയുടെ അറുന്നൂറിലധികം കോഴി വളർത്തൽ യൂണിറ്റുകൾ കേരളത്തിലുണ്ട്. കോട്ടയം, എറണാകുളം ജില്ലകളിലെ നൂറു യൂണിറ്റുകളിൽ നിന്ന് പ്രതിദിനം ആയിരം കോഴികളെ വീതം മീറ്റ് പ്രോഡക്ട്സ് ഒഫ് ഇന്ത്യ വാങ്ങും പിന്നീട്, കോഴികളെ പ്രോസസ് ചെയ്‌ത് മീറ്റ് പ്രോഡക്ട്സ് ഒഫ് ഇന്ത്യയുടെ ഔട്ട്ലറ്റുകളിലൂടെ വിൽക്കും. കെപ്‌കോയും കുടുംബശ്രീ യൂണിറ്റുകളിൽ നിന്ന് കോഴികളെ വാങ്ങുന്നുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ 53 യൂണിറ്റുകളാണ് കെപ്‌കോയുമായി ചേർന്നു പ്രവർത്തിക്കുന്നത്.