health-insurance

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപിനോട് സംസ്ഥാനത്തെ പല പ്രമുഖ ആശുപത്രികളും മുഖം തിരിച്ചു നിൽക്കുന്നതിൽ പ്രതിഷേധം ഉയരുന്നു.

പദ്ധതിയിൽ എംപാനൽ ചെയ്യപ്പെട്ട ആശുപത്രികളുടെ പട്ടിക ഇന്നലെ സർക്കാർ പുറത്തുവിട്ടതോടെ, ആശങ്കയുമായി ജീവനക്കാരും രംഗത്തിറങ്ങി. പദ്ധതി നടത്തിപ്പ് ചുമതല റിലയൻസിനാണ്.ഇൻഷ്വറൻസ് പാക്കേജ് ലാഭകരമല്ലാത്തതാണ് പല പ്രമുഖ ആശുപത്രികളെയും പിന്തിരിപ്പിക്കുന്നതെന്നാണ് സൂചന. മൂവായിരം രൂപ വാർഷിക പ്രീമിയമായി ജീവനക്കാരിൽ നിന്ന് ഈടാക്കുന്ന പദ്ധതിയാണിത്.ഒരു വീട്ടിൽ ഒന്നിലേറെ സർക്കാർ ജീവനക്കാരുണ്ടെങ്കിൽ എല്ലാവരും പ്രത്യേകം പ്രീമിയം അടയ്ക്കണമെന്ന നിബന്ധനയും പ്രതിഷേധത്തിനിടയാക്കി.

തിരുവനന്തപുരത്തെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെ സ്പെഷ്യാലിറ്റി ചികിത്സകൾ നൽകുന്ന പ്രമുഖ ആശുപത്രികൾ പട്ടികയിലില്ല. ഇനി പങ്ക് ചേരുമോയെന്നും ഉറപ്പില്ല. ചർച്ചകൾ നടക്കുകയാണെന്ന് അധികൃതർ വിശദീകരിക്കുന്നു. കാസർകോട് ജില്ലയിൽ ഒരു കണ്ണാശുപത്രി ഉൾപ്പെടെ രണ്ടും കണ്ണൂർ, ഇടുക്കി ജില്ലകളിൽ മൂന്നും സ്വകാര്യ ആശുപത്രികളാണ് ചേർന്നത്. തൃശൂരിലുൾപ്പെടെ പല ജില്ലകളിലെയും പ്രമുഖ സ്പെഷ്യാലിറ്റി ആശുപത്രികൾ ഉൾപ്പെട്ടിട്ടില്ല. വിദഗ്ധ ചികിത്സ ആവശ്യമായ രോഗികൾക്ക് സർക്കാർ മെഡിക്കൽ കോളേജുകളെ മാത്രം അഭയം പ്രാപിക്കേണ്ടി വരും. . ഡൽഹി, കോയമ്പത്തൂർ, മംഗലാപുരം, ഗാസിയബാദ് എന്നിവിടങ്ങളിലെ ചില ആശുപത്രികൾ മെഡിസെപിൽ പങ്കാളികളായിട്ടുണ്ട്.

മെഡിസെപിൽ ഒ.പി ചികിത്സ ഇല്ലെങ്കിലും സർക്കാരാശുപത്രികളിലും ശ്രീചിത്ര, ആർ.സി.സി, കൊച്ചി, മലബാർ കാൻസർസെന്ററുകൾ എന്നിവിടങ്ങളിലും ഒ.പി ചികിത്സയ്ക്ക് നിലവിലെ മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റ് തുടരും.പൊതുമേഖലാ ഇൻഷ്വറൻസ് കമ്പനികളെ പിന്തള്ളിയാണ് കുറഞ്ഞ നിരക്ക് ക്വോട്ട് ചെയ്ത റിലയൻസ് കരാർ നേടിയത്.

വഞ്ചനയെന്ന് എൻ.ജി.ഒ അസോസിയേഷൻ

സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളിലെ മികച്ച ചികിത്സാസൗകര്യം ലക്ഷ്യമാക്കുന്ന മെഡിസെപിൽ നിലവാരമുള്ള ആശുപത്രികളെ ഉൾപ്പെടുത്താതെ ജീവനക്കാരെ വഞ്ചിച്ചതായി എൻ.ജി.ഒ. അസോസിയേഷൻ പ്രസിഡന്റ് എൻ.കെ.ബെന്നി പറഞ്ഞു.

മെഡിക്കൽ റീ ഇമ്പേഴ്‌സ്‌മെന്റും പലിശരഹിത വായ്പയും ഇല്ലാതാക്കി സർക്കാർ വിഹിതമില്ലാതെ മെഡിസെപ് ആരംഭിക്കുന്നത് വഞ്ചനയാണ്. റിലയൻസ് കമ്പനിയുമായിട്ടുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് അവയവമാറ്റ ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള എല്ലാ ചികിത്സകൾക്കും നാമമാത്രമായ നിരക്ക് നിശ്ചയിച്ചത്. മെഡിസെപിൽ ചേരാൻ ജീവനക്കാരെ നിർബന്ധിക്കരുതെന്നാവശ്യപ്പെട്ട് ബ്രാഞ്ച് തലത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തും. ആഗസ്റ്റ് ഒന്നിന് വഞ്ചനാദിനം ആചരിക്കും.മെഡിസെപിലെ അപാകതകളിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച പ്രതിഷേധ ദിനം ആചരിക്കുമെന്ന് എൻ.ജി.ഒ സംഘ് സംസ്ഥാന പ്രസിഡന്റ് സി. സുരേഷ്‌കുമാർ അറിയിച്ചു.