പൂവാർ: വിഴിഞ്ഞത്ത് നിന്നു മത്സ്യബന്ധനത്തിന് കടലിൽ പോയി കാണാതാവുകയും നാല് ദിവസത്തിന് ശേഷം അദ്ഭുതകരമായി തിരിച്ചെത്തുകയും ചെയ്ത മത്സ്യത്തൊഴിലാളികളിൽ രണ്ടു പേർ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടി. പുതിയതുറ സ്വദേശികളായ ബെന്നി, ലൂയിസ് എന്നിവരാണ് ഇന്നലെ നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് പുല്ലുവിള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സ തേടിയത്. മരണത്തെ മുഖാമുഖം കണ്ട മത്സ്യത്തൊഴിലാളികൾ പ്രാഥമിക ചികിത്സ കഴിഞ്ഞാണ് കഴിഞ്ഞ ദിവസം വീട്ടിലെത്തിയത്. ഉൾക്കടലിൽ വച്ച് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ കുടുംബാംഗങ്ങളോട് വിവരിക്കുന്നതിനിടെയാണ് അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് ചികിത്സയിൽ കഴിയുന്ന ബെന്നി പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ആശുപത്രിയിലെത്തിയെങ്കിലും ഡോക്ടറെ കാണാൻ കഴിഞ്ഞില്ലെന്ന് ഇവർ പറയുന്നു. തുടർന്ന് പുതിയതുറ ഇടവക സഹവികാരി ഫാ.ജോൺ ജേക്കബിന്റെയും തീരം ചർച്ചാവേദി കോ ഓർഡിനേറ്റർ അടിമലത്തുറ ക്രിസ്തുദാസിന്റെയും നേതൃത്വത്തിൽ കോവളം എം.എൽ.എ എം.വിൻസെന്റിനെ വിവരം അറിയിച്ചു. എം.എൽ.എ, മന്ത്രി മേഴ്സിക്കുട്ടിഅമ്മയെ വിവരം ധരിപ്പിച്ചതിനെ തുടർന്ന് പള്ളം മത്സ്യ ഫെഡിലെ ഉദ്യോഗസ്ഥരാണ് ഡോക്ടർമാരെ വിളിച്ചു വരുത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു. നാല് മണിയോടെയാണ് ഡോക്ടറെത്തി ചികിത്സ ആരംഭിച്ചതെന്ന് ബെന്നിയും ലൂയിസും പറഞ്ഞു.
ഫോട്ടോ: പുല്ലുവിള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സ തേടിയ മത്സ്യത്തൊഴിലാളികളെ കാണാൻ കാഞ്ഞിരംകുളം പൊലീസ് ആശുപത്രിയിലെത്തിയപ്പോൾ