തിരുവനന്തപുരം : മദ്യലഹരിയിലെ അടിപിടിക്കിടെ മദ്ധ്യവയസ്‌കനെ യുവാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി. മുട്ടത്തറ ആശാനഗറിൽ വാടകയ്ക്കു താമസിക്കുന്ന നെയ്യാറ്റിൻകര ഇരമ്പിൽ കരിഞ്ഞാൻവിള ശരണ്യ ഭവനിൽ കുഞ്ഞുശങ്കരനാണ് (56) മരിച്ചത്.ഇന്നലെ പുലർച്ചെ ഒന്നിനു മുട്ടത്തറയിലെ വാടകവീട്ടിലായിരുന്നു സംഭവം. അയൽവാസി മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ചുറ്റിക കൊണ്ട് തലയ്ക്കടിച്ചായിരുന്നു കൊലപാതകം. മഹേഷിനും പരിക്കേറ്റു. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്തിടെ ഇവിടെ നിന്നു താമസം മാറിയ കുഞ്ഞുശങ്കരൻ വീടു നന്നാക്കി നൽകാൻ വ്യാഴാഴ്ച എത്തിയതാണ്. സഹായത്തിന് ഒപ്പം കൂടിയ മഹേഷ് ഇയാൾക്കൊപ്പം മദ്യപിച്ചു. തുടർന്നുള്ള സംസാരം തർക്കത്തിനു കാരണമായി. മഹേഷ് തെറിവിളിച്ചതോടെ കുഞ്ഞുശങ്കരൻ അക്രമാസക്തനായി. മഹേഷിനെ ഇയാൾ മർദ്ദിച്ചു. ഇതിൽ പ്രകോപിതനായ മഹേഷ് വീട്ടിലുണ്ടായിരുന്ന ചുറ്റിക കൊണ്ട് കുഞ്ഞു ശങ്കരന്റെ തലയ്ക്കടിച്ചു. ഗുരുതര പരിക്കേറ്റ ഇയാളെ നാട്ടുകാർ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. ക്ലേ കമ്പനിയിലെ ജീവനക്കാരനാണ് പ്രതി. ഇയാളുടെ വീടിനു പൊലീസ് കാവൽ ഏർപ്പെടുത്തി. ഫോർട്ട് എ.സി പ്രതാപൻ നായരുടെ നേതൃത്വത്തിലാണ് അന്വേഷണം.