കല്ലമ്പലം: വീട്ടിൽ അതിക്രമിച്ചു കടന്ന് മാതാപിതാക്കളെയും മക്കളെയും ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. ചെമ്മരുതി മുട്ടപ്പലം സംഘംമുക്ക് പണയിൽ വീട്ടിൽ സെയ്ദലി, മുട്ടപ്പലം ചരുവിളവീട്ടിൽ രാഹുൽ, പ്രായപൂർത്തിയാകാത്ത പ്ലസ് ടു വിദ്യാർത്ഥി എന്നിവരാണ് പിടിയിലായത്. ഗുണ്ടാസംഘത്തിന്റെ ക്രൂരമായ ആക്രമണത്തിൽ പരിക്കേറ്റ മുത്താന ആശാരി മുക്ക് പ്രണവത്തിൽ പ്രസാദ് -ശിഖ ദമ്പതികളുടെ മകൻ പ്രണവിനെ (25) കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പ്രണവ് ഇപ്പോഴും ഐ.സി.യുവിൽ തുടരുകയാണ്. ആക്രമണത്തിൽ പ്രസാദിനും ശിഖയ്ക്കും മറ്റൊരു മകൻ വിസ്‌മയ്ക്കും (16) പരിക്കുണ്ട്. പാളയംകുന്ന് ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് പ്രശ്നങ്ങളുടെ തുടക്കം. പ്ലസ് വൺ ക്ലാസിലെത്തിയ വിദ്യാർത്ഥികളിൽ വിസ്മയ് അടക്കമുള്ള പ്ലസ് വൺ വിദ്യാർത്ഥികൾക്ക് റാഗിംഗിന്റെ പേരിൽ പ്ലസ് ടു വിദ്യാർത്ഥികളിൽ നിന്ന് മർദ്ദനമേൽക്കുകയുണ്ടായി. വിസ്‌മയ്‌യുടെ ചെകിടിന് അടികിട്ടിയിരുന്നു. സംഭവത്തിൽ സ്കൂൾ അധികൃതരുടെയും മറ്റും ഇടപെടലിനെ തുടർന്ന് വിസ്മയ്‌യുടെ മാതാപിതാക്കളും മറ്റ് രക്ഷിതാക്കളും കേസിൽ നിന്നു പിന്മാറിയിരുന്നു. എന്നാൽ യാതൊരു പ്രകോപനവും കൂടാതെ വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ കാറിൽ എത്തിയ സെയ്ദലിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം മാരകായുധങ്ങളുമായി അക്രമണം നടത്തുകയായിരുന്നു. ഇതു തടയാനെത്തിയ ശിഖയ്ക്കും മർദ്ദനത്തിൽ പരിക്കേറ്റു. തുടർന്ന് സംഘം വിസ്മയ്‌യെയും അതിക്രൂരമായി മർദ്ദിച്ചു. ഇവരുടെ നിലവിളികേട്ട് സമീപവാസികൾ ഓടിക്കൂടി. ഇവരിൽ ചിലർക്കും ഗുണ്ടാസംഘത്തിന്റെ മർദ്ദനമേറ്റു. എന്നാൽ കൂടുതൽ ആളുകളെത്തിയതോടെ ഗുണ്ടാസംഘത്തിലെ ചിലർ കാറുമായി രക്ഷപ്പെട്ടു. സെയ്ദലി, രാഹുൽ എന്നിവരെ നാട്ടുകാർ തടഞ്ഞുവച്ചു. വിവരം അറിഞ്ഞെത്തിയ കല്ലമ്പലം പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ആനൂപ് ആർ. ചന്ദ്രൻ, സബ് ഇൻസ്പെക്ടർ വിനോദ്കുമാർ .വി.സി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു. സംഘത്തിലെ മറ്റുള്ളവർക്കായി കല്ലമ്പലം പൊലീസ് അന്വേഷണം ഊർജിതമാക്കി.