തിരുവനന്തപുരം : അച്ഛന്റെ സുഹൃത്തിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തു മടങ്ങവേ ബൈക്ക് തെന്നി ഡിവൈഡറിലെ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറി നഴ്സിന് ദാരുണാന്ത്യം. ശാസ്തമംഗലം പി.എൽ.ആർ.എ എസ് -35, ടി.സി 9-974ൽ എസ്.ബി.ഐ റിട്ട. ഉദ്യോഗസ്ഥൻ ശിവൻകുട്ടിയുടെയും എസ്.ബി.ഐ ബേക്കറി ജംഗ്ഷൻ ശാഖയിലെ താത്കാലിക ജീവനക്കാരി സരളയുടെയും മകൻ എസ്.എസ്. സൂരജാണ് (കുക്കു - 29) മരിച്ചത്. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായ സൂരജ് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. വ്യാഴാഴ്ച രാത്രി 10.30ന് കനത്ത മഴയ്ക്കിടെ പാളയം പബ്ലിക് ലൈബ്രറിക്കു സമീപത്തുവച്ചായിരുന്നു അപകടം. മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം കൊഞ്ചിറവിളയിൽ നിന്നു ശാസ്തമംഗലത്തെ വീട്ടിലേക്കു വരികയായിരുന്നു. ഹോർട്ടികോർപ്പ് സ്റ്റാളിനു മുൻവശത്തു എത്തിയപ്പോഴേക്കും ബൈക്ക് നിയന്ത്രണം വിട്ട് സ്ട്രീറ്റ് ലൈറ്റ് പോസ്റ്റിലേക്ക് ഇടിച്ചു കയറി. തലയ്ക്കു ഗുരുതര പരിക്കേറ്റ ഇയാൾ 10 മിനിട്ടോളം റോഡിൽ കിടന്നു. ഇതുവഴി വന്ന മറ്റു യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സൂരജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംസ്കാരം ഇന്നലെ തൈക്കാട് ശാന്തികവാടത്തിൽ നടന്നു. സഹോദരി സൂര്യ.