തിരുവനന്തപുരം: കാലവർഷത്തിന് കനം വച്ചതോടെ മിക്ക ജില്ലകളും ദുരന്ത ഭീഷണിയിലായി. തീരമേഖലയിൽ കടലാക്രമണവും രൂക്ഷം. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി മത്സ്യബന്ധനത്തിന് പോയ ഏഴ് പേരെ കാണാതായി.കൊല്ലത്ത് ശക്തമായ കാറ്രിൽ തെങ്ങ് വീണ് ഗൃഹനാഥനും കണ്ണൂർ തലശേരിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥിയും മരണമടഞ്ഞു.കോട്ടയത്ത് മീനച്ചിലാറും മണിമലയാറും കരകവിഞ്ഞു. ഇടുക്കി ജില്ലയിൽ പാംബ്ളി, കല്ലാർകുട്ടി ഡാമുകളിലെ ഷട്ടറുകൾ ഉയർത്തുമെന്ന് മുന്നറിയിപ്പുണ്ട്. മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നു. കോഴിക്കോട്ട് 191 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. മൂന്ന് ദിവസം കനത്ത മഴ തുടരുമെന്നാണ് കാലവസ്ഥാ മുന്നറിയിപ്പ്.
തിരുവനന്തപുരത്ത് വിഴിഞ്ഞം ഭാഗത്ത് നിന്ന് ബുധനാഴ്ച വൈകിട്ട് 3.30 ഒാടെ മത്സ്യബന്ധനത്തിന് പോയ സംഘത്തിലെ നാലുപേരെ കാണാതായി. പല്ലുവിള കൊച്ചുപള്ളി പള്ളികെട്ടിയ പുരയിടത്തിൽ യേശുദാസൻ (55), കൊച്ചുപള്ളി പുതിയതുറ പുരയിടത്തിൽ ആന്റണി (50), പുതിയതുറ കിണറുവിള പുരയിടത്തിൽ ലൂയിസ് (53), പുതിയതുറ നെടിയവിളാകം പുരയിടത്തിൽ ബെന്നി (33) എന്നിവരെയാണ് കാണാതായത്. ഇവർക്ക് വേണ്ടി വിഴിഞ്ഞത്തെ മറൈൻ എൻഫോഴ്സ് മെന്റും തീരസംരക്ഷണ സേനയുടെ വലിയ കപ്പലും തെരച്ചിൽ നടത്തുകയാണ്
കൊല്ലം നീണ്ടകരയിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ തമിഴ്നാട്ടുകാരുടെ വള്ളം ശക്തമായ കാറ്റിൽ തകർന്നാണ് മൂന്നുപേരെ കാണാതായത്.. രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. കൊല്ലങ്കോട് നീരോടി സ്വദേശികളായ രാജു, ജോൺ ബോസ്കോ, സഹായരാജു എന്നിവരെയാണ് കാണാതായത്. വള്ളത്തിലുണ്ടായിരുന്ന നിക്കോളാസ്, സ്റ്റാലിൻ എന്നിവർ നീന്തി കാക്കത്തോപ്പ് ഭാഗത്ത് തീരമണഞ്ഞു.
കൊല്ലത്ത് ശക്തമായ കാറ്റിൽ അയൽപുരയിടത്തിലെ തെങ്ങുവീണാണ് വീട്ടുമുറ്റത്ത് നിന്ന ഗൃഹനാഥൻ പനയം വില്ലേജ് ഓഫീസിന് സമീപം ചോനംചിറ കുന്നിൽ തൊടിയിൽ വീട്ടിൽ ദിലീപ് കുമാർ (54) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. കടപുഴകിയ തെങ്ങ് മുറ്റത്തെ കിണറ്റിൽ തട്ടിയ ശേഷമാണ് ദിലീപിന്റെ ദേഹത്ത് പതിച്ചത്. ദൂരേക്ക് തെറിച്ച് വീണ് സാരമായി പരിക്കേറ്റ ദിലീപിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: അനിത. മക്കൾ: അക്ഷയ്, ധനുഷ്. ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും.
കണ്ണൂർ തലശേരിയിൽ പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങിയ പ്ളസ് വൺ വിദ്യാർത്ഥി മോറക്കുന്നിലെ മനത്താനത്ത് അദ്നാൻ ( 16) ആണ് മുങ്ങിമരിച്ചത്.
പമ്പയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു.മലപ്പുറം ഗവ. ആശുപത്രിയുടെ ചുറ്റുമതിൽ കാറ്റിലും മഴയിലും നിലംപൊത്തി.കോഴിക്കോട്ട് ചക്കിട്ടപാറയിൽ ഉരുൾപൊട്ടലുണ്ടായി.ആൾനാശം റിപ്പോർട്ട് ചെയ്തിട്ടില്ല.ഇടുക്കിയിൽ വാഗമൺ - ഇരാറ്റുപേട്ട റോഡിൽ മണ്ണിടിച്ചിൽ മൂലം ഗതാഗതം സ്തംഭിച്ചു.കൊല്ലം , ആലപ്പുഴ ജില്ലകളിലായി തീരദേശത്തെ 150 ഓളം വീടുകൾ വെള്ളത്തിലായി. രൂക്ഷമായ കടലാക്രമണമാണ് അനുഭവപ്പെടുന്നത്. എറണാകുളം ജില്ലയിൽ ചെല്ലാനം കമ്പനിപ്പടി ഭാഗത്ത് 30 ഓളം വീടുകൾ വെള്ളത്തിലാണ്.തിരുവനന്തപുരം വലിയതുറയിൽ കടലാക്രമണത്തെ തുടർന്ന് ഏതാനും കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
മലപ്പുറത്ത് പൊന്നാനിയിലാണ് കടലാക്രണം ഏറ്റവും രൂക്ഷമായത്. കണ്ണൂരിലും കാസർകോട്ടും മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്.കനത്തമഴ മൂലം കോട്ടയത്ത് ഖനനനടപടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ജൂലായ് 21 വരെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലായി റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടാണ് നൽകിയിട്ടുള്ളത്.
കണ്ണൂർ ജില്ലയിൽ 30 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കനത്ത മഴയെ തുടർന്ന് കാസർകോട് ജില്ലയിൽ ഇന്ന് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.നെല്ലിക്കുന്നിൽ നൂറു മീറ്റർ കരഭാഗം കടലെടുത്തു.