
തിരുവനന്തപുരം: കോളേജുകളിലേക്ക് ഉത്തരക്കടലാസുകൾ അനാവശ്യമായി അയയ്ക്കുന്നതിനും ഉപയോഗശൂന്യമായവ ദുരുപയോഗം ചെയ്യുന്നതിനും കേരള സർവകലാശാല തടയിടുന്നു. ഉത്തരക്കടലാസുകളുടെ വിതരണത്തിനും പർച്ചേസിനും കണക്കെടുപ്പിനുമായി സോഫ്‌റ്റ്‌വെയർ സ്ഥാപിക്കും. അതോടെ കോളേജുകൾക്ക് നൽകിയതും ഉപയോഗിച്ചതും ബാക്കിയായതുമായ ഉത്തരക്കടലാസുകളുടെ എണ്ണം തത്സമയം സർവകലാശാലയിൽ അറിയാനാവും.
കമ്പ്യൂട്ടർ സയൻസ് വിഭാഗവും കമ്പ്യൂട്ടർ സെന്ററും ചേർന്ന് ആറുമാസത്തിനകം സോഫ്‌റ്റ്‌വെയർ വികസിപ്പിക്കും.
ഇതോടെ, ലക്ഷങ്ങളുടെ കമ്മിഷനിൽ കണ്ണുവച്ച് കണക്കില്ലാതെ പേപ്പർ വാങ്ങിക്കൂട്ടുന്നതിനും അവസാനമാവും. ഇതേക്കുറിച്ച് 'കേരളകൗമുദി' പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെത്തുടർന്നാണ് നടപടി.
കേരളത്തിൽ ഒരു സർവകലാശാലയും പരീക്ഷാപേപ്പർ വിതരണത്തിന് സോഫ്‌റ്റ്‌വെയർ ഉപയോഗിക്കുന്നില്ല. സോഫ്‌റ്റ്‌വെയർ പുറമെ നിന്ന് വാങ്ങിയാൽ കോടികൾ ചെലവുണ്ടാകും. അതിനാലാണ് സ്വന്തമായി വികസിപ്പിക്കുന്നതെന്ന് പ്രോ വൈസ്ചാൻസലർ ഡോ.പി.പി.അജയകുമാർ പറഞ്ഞു. സോഫ്‌റ്റ്‌വെയർ സജ്ജമാവും വരെ ഉത്തരക്കടലാസ് വിവരങ്ങൾ ഇ-മെയിലായി അറിയിക്കാനും കോളേജുകളോട് നിർദ്ദേശിച്ചു.
''ഉത്തരക്കടലാസുകളുടെ വിവരങ്ങൾ ഓൺലൈനായി നിരീക്ഷിക്കാനാവും. സ്റ്റോക്കും അറിയാവുന്നതിനാൽ അനാവശ്യ പർച്ചേസും ഒഴിവാകും''
ഡോ.വി.പി.മഹാദേവൻപിള്ള
വൈസ്ചാൻസലർ