തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ രാഷ്ട്രീയേതര സംഭവത്തെ ദുരുപയോഗിച്ച് തികഞ്ഞ കമ്മ്യൂണിസ്റ്റ് വിരുദ്ധ, പുരോഗമന വിരുദ്ധ രാഷ്ട്രീയം ബലപ്പെടുത്താനുള്ള തീവ്രയജ്ഞത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. ഇതിന്റെ ഗുണഭോക്താക്കൾ വർഗീയ സംഘടനകളും ബൂർഷ്വാ രാഷ്ട്രീയപാർട്ടികളുമാണ്. സി.പി.എമ്മിനെയും എസ്.എഫ്.ഐയെയും തളർത്തുകയെന്ന ലക്ഷ്യത്തോടെ യൂണിവേഴ്സിറ്റി കോളേജ് സംഭവത്തെ മറയാക്കി ഒരു വിഭാഗം അച്ചടി, ദൃശ്യ മാദ്ധ്യമങ്ങൾ വ്യാജവാർത്തകളടക്കം സൃഷ്ടിക്കുകയാണെന്നും പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിൽ കോടിയേരി കുറ്റപ്പെടുത്തി.
യൂണിവേഴ്സിറ്റി കോളേജ് പൂട്ടി പഞ്ചനക്ഷത്ര ഹോട്ടലാക്കുകയെന്ന ഗൂഢ അജൻഡയുമായി യു.ഡി.എഫ് സർക്കാർ മുന്നോട്ടുപോയ വേളയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ കാമ്പസിൽ കയറി പൊലീസ് ക്രൂരമായി വേട്ടയാടിയപ്പോഴാണ് അത് തടയാനുള്ള ജനകീയ ഇടപെടലിൽ താനും ടി. ശിവദാസമേനോനും മുമ്പ് നേതൃപരമായ പങ്ക് വഹിച്ചതെന്ന് ഫേസ്ബുക്ക് പോസ്റ്റിലും കോടിയേരി ചൂണ്ടിക്കാട്ടി.