തിരുവനന്തപുരം: പനി ഉൾപ്പെടെയുള്ള മഴക്കാലരോഗങ്ങൾ നാടെങ്ങും വ്യാപകമായിരിക്കെ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷം. പനിക്കും ശരീരവേദനയ്ക്കും നൽകുന്ന ആന്റിബയോട്ടിക്കുകളും വേദനാസംഹാരികളുമുൾപ്പെടെ അത്യാവശ്യ മരുന്നുകൾ പലതും ജില്ലയിലെ ചില ആശുപത്രി ഫാർമസികളിൽ സ്റ്റോക്കില്ല. രണ്ടാഴ്ചമുമ്പ് ചില കമ്പനികളുടെ മരുന്നുകൾക്ക് മാത്രമായിരുന്നു ക്ഷാമമെങ്കിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒട്ടുമിക്ക മരുന്നുകളും ലഭ്യമല്ലാത്ത സ്ഥിതിയാണ്.
എസ്.എ.ടി ആശുപത്രിയിലും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഗർഭിണികൾക്കുള്ള ഹ്യുമൻ ആന്റി ഇമ്യുണോ ഗ്ലോബിൻ, ഫ്ലൂവർ തുടങ്ങിയവ കിട്ടാതായിട്ട് ആഴ്ചകളായി. വിലയേറിയ ഈ മരുന്നുകൾ പുറത്തുനിന്ന് വാങ്ങേണ്ട ഗതികേടിലാണ് രോഗികൾ. കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മെർക്കാപ്റ്റോപ്യുറിൻ, മെത്തോട്രക്സേറ്റ് എന്നീ അവശ്യ മരുന്നുകൾ ആർ.സി.സി ഫാർമസിയിൽ മാസങ്ങളായി ലഭ്യമല്ല. കുട്ടികൾക്ക് കാൻസർ ചികിത്സ സൗജന്യമായതിനാൽ ആർ.സി.സി ഫാർമസിയിൽ നിന്ന് സൗജന്യമായി കിട്ടിയിരുന്ന മരുന്നുകൾ പുറത്തെ കടകളിൽ കിട്ടാനുമില്ല. നിരവധി കുഞ്ഞുങ്ങളുടെ രക്ഷാകർത്താക്കളാണ് മരുന്നിനായി നെട്ടോട്ടമോടുന്നത്. മരുന്ന് വിതരണം ചെയ്യുന്ന കമ്പനികൾക്ക് കൃത്യമായി പണം നൽകാത്തതിനാൽ പല പ്രമുഖ കമ്പനികളും മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ (കെ.എം.എസ്.സി) ടെൻഡറിൽ പങ്കെടുക്കാത്തതാണ് മരുന്ന് ക്ഷാമത്തിന് കാരണമെന്ന് പറയപ്പെടുന്നു.
ആശുപത്രികളിൽ വ്യാപകമായി മരുന്ന് ക്ഷാമമുണ്ടെന്ന പരാതി അടിസ്ഥാന രഹിതമാണ്. വില സംബന്ധിച്ച തർക്കത്തെതുടർന്ന് കോർപ്പറേഷനുമായി ടെൻഡറിൽ പങ്കെടുക്കാത്ത ചില ബ്രാൻഡുകൾ ഒഴികെ എല്ലാ മരുന്നുകളും ആശുപത്രികളിൽ ലഭ്യമാണ്.
-കെ.എം.എസ്.സി അധികൃതർ
കിട്ടാതായത് ഇവ
പനി, വയറിളക്കം, ത്വക്ക് രോഗങ്ങൾ, രക്തസമ്മർദ്ദം, പ്രമേഹം, അലർജിക്കുള്ള മരുന്നുകൾ, ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾക്ക് നൽകുന്ന ആന്റി ബയോട്ടിക്കുകൾ തുടങ്ങിയവയാണ് സ്റ്റോക്കില്ലാത്തത്. പനിയും മറ്റും ബാധിച്ച് ആഹാരം കഴിക്കാനാകാതെ അവശനിലയിലെത്തുന്ന രോഗികൾക്ക് നൽകാനുള്ള ഗ്ളൂക്കോസിനുപോലും ക്ഷാമം നേരിടുന്നതായാണ് തലസ്ഥാനത്തെ പ്രധാന സർക്കാർ ആശുപത്രികളിൽ നിന്ന് ലഭിക്കുന്ന വിവരം. ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന ജനറൽ ആശുപത്രിയിലാണ് മരുന്ന് ക്ഷാമം ഏറ്റവും രൂക്ഷം. വില കൂടിയ ആന്റിബയോട്ടിക്കായ മെറോ പെനം, ക്ലോക്സാസിലിൻ, ജെന്നി രോഗ ചികിത്സയ്ക്കുള്ള ലെവിട്രസെറ്റാം, പക്ഷാഘാത ചികിത്സയ്ക്കുള്ള ആൾട്ടിപ്ലസ്, ഗർഭിണികളിൽ രക്തസമ്മർദം കൂടുമ്പോൾ നൽകുന്ന മീഥെയ്ൽ ഡോപ, നേത്ര രോഗ ചികിത്സയ്ക്കുള്ള മരുന്നുകൾ തുടങ്ങി നിത്യവും വേണ്ടിവരുന്ന രണ്ട് ഡസനിലധികം മരുന്നുകളാണ് കിട്ടാനില്ലാത്തത്.