വിഴിഞ്ഞം: സ്ത്രീകൾക്ക് മൊബൈൽ ഫോണിൽ അശ്ലീല സന്ദേശം അയച്ച് ശല്യം ചെയ്യുന്നയാളെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം നീണ്ടകര നീലേശ്വരം തോപ്പിൽ സ്വദേശി സജീവനാണ് പിടിയിലായത്. മറ്റുള്ളവരുടെ സിം കാർഡുകൾ കൈക്കലാക്കി നമ്പരുകളിലേക്ക് ആദ്യം ഫോൺ ചെയ്യുകയാണ് പ്രതിയുടെ പതിവ്. സ്ത്രീകളാണെന്ന് ഉറപ്പുവരുത്തിയ ശേഷം അശ്ളീല മെസേജുകൾ അയയ്ക്കും. എസ്.എച്ച് ഒ. എസ്.ബി. പ്രവീണിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സജി കുമാർ, ടി.കെ. അജിത്ത് സി.പി.ഒമാരായ ജോസ്, അജി കൃഷ്ണകുമാർ, സാജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.