ന്യൂഡൽഹി: ത്രിപുര കേന്ദ്രസർവകലാശാല വൈസ് ചാൻസലർ വിജയകുമാർ ധരുർക്കർ എ.ബി.വി.പി പതാക ഉയർത്തിയത് വിവാദമായി . ജൂലായ് 10 ന് എ.ബി.വി.പി സംഘടിപ്പിച്ച ചടങ്ങിലാണ് വൈസ് ചാൻസലർ എ.ബി.വി പി പതാക ഉയർത്തിയത്. എ.ബി.വി.പി ഏതെങ്കിലും പാർട്ടിയുമായി ബന്ധപ്പെട്ടതല്ലെന്നും അതൊരു സാമൂഹ്യ സാംസ്കാരിക സംഘടനയാണെന്നും പറഞ്ഞ് അദ്ദേഹം തന്റെ പ്രവൃത്തിയെ ന്യായീകരിച്ചു.
അവർ എന്നെ ചടങ്ങിലേക്ക് ക്ഷണിച്ചു. ഞാൻ പങ്കെടുത്തു. നിങ്ങൾ പറയുന്ന സംഘടന ദേശ വിരുദ്ധ സംഘടനയല്ല. ബി.ജെ.പിയുടെ മുൻ രൂപമായ ജനസംഘം രൂപീകരിക്കുന്നതിന് മുമ്പേ എ.ബി.വി.പി പ്രവർത്തിക്കുന്നുണ്ട്. അതിന് ഒരു പാർട്ടിയുമായും ബന്ധമില്ല. വിവേകാന്ദന്റെ ചിക്കാഗോ പ്രസംഗവുമായി ബന്ധപ്പെട്ട ഒരു ചടങ്ങിലാണ് പങ്കെടുത്തത്. അവിടെ പ്രസംഗവും വൃക്ഷത്തൈ നടീലും ഉണ്ടായിരുന്നു. അതോടൊപ്പം പതാകയും ഉയർത്തി. വർഷങ്ങളായി താൻ പല സംഘടനകളുടെയും പരിപാടികളിൽ പങ്കെടുക്കാറുണ്ട്. എ.ബി.വി.പിയുടെ പരിപാടിയിൽ പങ്കെടുത്തതിൽ ഒരു തെറ്രും കാണുന്നില്ല. അദ്ദേഹം പറഞ്ഞു.
എസ്. എഫ് ഐ ഉൾപ്പെടെ മറ്രേതെങ്കിലും വിദ്യാർത്ഥി സംഘടനയുട പരിപാടിയിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് അക്കാര്യത്തിൽ തനിക്കു തുറന്ന മനസ്സാണെന്ന് വി. സി പറഞ്ഞു. ചൈന, റഷ്യ വിഷയങ്ങളിൽ തനിക്ക് നല്ല അറിവുണ്ടെന്നും മാർക്സ് , മാവോ എന്നിവരുടെ ചിന്തകളെക്കുറിച്ച് എനിക്ക് നല്ല ബോദ്ധ്യമുണ്ടെന്നും ധാരുർക്കർ പറഞ്ഞു. ത്രിപുര കേന്ദ്രസർവകലാശാല വൈസ് ചാൻസലർ ആവുന്നതിന് മുമ്പ് ഒൗറംഗാബാദിലെ ഡോ. ബാബാസാഹേബ് അംബേദ്കർ മറാത്ത് വാഡ സർവകലാശാല മാസ് കമ്യൂണിക്കേഷൻ വിഭാഗം മേധാവിയായിരുന്നു ധാരുർക്കർ.