mauritius

വെള്ള മണലുകൾ നിറഞ്ഞ മനോഹരമായ ബീച്ചുകളും ആഴം കുറഞ്ഞ ചെറു ജലാശയങ്ങളും മൗറീഷ്യസിനെ ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും സുന്ദരമായ ദ്വീപുകളിൽ ഒന്നാക്കി മാറ്റുന്നു. ആഫ്രിക്കയുടെ തെക്ക് - കിഴക്കൻ തീരത്തുനിന്നും ഏകദേശം 2,​000 കിലോമീറ്റർ അകലെയാണ് മൗറീഷ്യസിന്റെ സ്ഥാനം. ഇന്ത്യൻ മഹാസമുദ്രത്തിലെ പറുദീസയാണ് മൗറീഷ്യസ്. മൗറീഷ്യസ് ദ്വീപിന്റെ തെക്ക് പടിഞ്ഞാറ് മുനമ്പ് സഞ്ചാരികളുടെ ആകർഷണ കേന്ദ്രങ്ങളിൽ ഒന്നാണ്. അവിടെ സമുദ്രത്തിനടിയിൽ ഒരു വെള്ളച്ചാട്ടമുണ്ട്! സമുദ്രത്തിനടിയിൽ വെള്ളച്ചാട്ടമോ?​ അത്ഭുതം തോന്നും ആർക്കും! എന്നാൽ, സംഗതി എന്താണെന്ന് അറിയുമ്പോഴാണ് ഏറെ കൗതുകം.

ഇത് യഥാർത്ഥത്തിൽ ഒരു വെള്ളച്ചാട്ടമല്ല. ശരിക്കും ഇത് നമ്മുടെ കണ്ണുകളുടെ ഒരു തോന്നൽ മാത്രമാണ്. സമുദ്രത്തിലെ ജലപ്രവാഹങ്ങളാണ് ഇതിന് കാരണം. അവ തീരത്തിന്റെ ഉയർന്ന ഭാഗങ്ങളിൽ നിന്നും മണലിനെ സുദ്രത്തിലേക്ക് ഒഴുക്കുന്നു. ഈ മണൽത്തരികൾ സമുദ്രത്തിന്റെ ആഴംകൂടിയ ഭാഗത്ത് അടിഞ്ഞു കൂടുന്നു. ഈ മണൽത്തരികൾ രണ്ടായി പിരിയുകയും ജലം അതിനിടയിലൂടെ ഒഴുകുകയും ചെയ്യുന്നു. ഇതാണ് കടലിന്റെ അടിത്തട്ടിൽ ഒരു വെള്ളച്ചാട്ടം ഉള്ളതായി തോന്നാൻ കാരണം. എന്നാൽ, സമുദ്രത്തിനടിയിലെ ഈ ജലപ്രവാഹത്തിന്റെ ഉപഗ്രഹചിത്രങ്ങൾ കണ്ടാൽ അതൊരു വെള്ളച്ചാട്ടമാണെന്നേ തോന്നൂ..