കർണാടക രാജ്യത്ത് ഈ തകിടം മറിക്കൽ ഏർപ്പാട് ചക്കച്ചുള തിന്നുന്നത് പോലെ എളുപ്പമുള്ള കാര്യമല്ല എന്നറിയാത്ത അമിത് ഷാജിയോ എന്തിന്, യദി ഊരപ്പാജിയോ പോലും ഇന്നാട്ടിലുണ്ടാകുമെന്ന് ആരും കരുതുന്നില്ല. ചക്കച്ചുള വെറുതെ രസത്തിന് തിന്നുകൊണ്ടേയിരിക്കാം. തകിടംമറിക്കൽ പ്രക്രിയ അതുപോലെയല്ല.
കുമാരസ്വാമിയെ തകിടം മറിക്കുക എന്ന് പറയുന്നത് പോലെ ദുഷ്കരമായ ഏർപ്പാട് ഈ ഭൂമുഖത്ത് മറ്റൊന്നുണ്ടാകുമെന്ന് അമ്പത്താറിഞ്ച് മോഡൽ ന.മോ.ജി പോലും പറയില്ല. പേരിൽ കുമാരൻ ആണെങ്കിലും സ്വാമി ആൾ കുമാരനല്ല. മദ്ധ്യവയസ്കനാണ്. കുമാരനെ തകിടം മറിക്കുന്നത് പോലെ എളുപ്പമല്ല മദ്ധ്യവയസ്കനെ തകിടം മറിക്കുന്നത്. അതുകൊണ്ടാണ് കുമാരസ്വാമിയെ തകിടംമറിക്കണമെങ്കിൽ അല്പം കൈപൊള്ളേണ്ടി വരുമെന്ന് പലരും പല രൂപത്തിൽ അടക്കം പറയുന്നത്. കൈപൊള്ളിയാലും തകിടം മറിയുമല്ലോ എന്ന് ആലോചിച്ചാൽ കാര്യങ്ങളൊക്കെ എളുപ്പത്തിലങ്ങ് നടന്നുകൊള്ളും. ഗോവയിലോ ത്രിപുരയിലോ ഒന്നും ഇത്ര പെടാപ്പാട് അമിത് ഷാജി അനുഭവിക്കേണ്ടി വന്നിട്ടില്ല. കൈപ്പത്തി ഒന്ന് വിടർത്തിപ്പിടിച്ചാൽ താമരയിതൾ പോലെയാവുമെന്ന് ഷാജി ഓർമ്മിപ്പിച്ചതേയുള്ളൂ. കണ്ണടച്ച് തുറക്കും മുമ്പേ എല്ലാ കൈപ്പത്തികളും താമരയായി മാറി! (ത്രിപുരയിലെ പ്രതിപക്ഷ കൈപ്പത്തികൾ ഒറ്റയിരിപ്പിനാണ് പ്രതിപക്ഷ താമരകളായി മാറിയത്. കാലാന്തരത്തിൽ വിപ്ലവ്കുമാർ മോഡൽ താമരകൾക്ക് അംശവടിയും കൈയിൽ കിട്ടി.) എന്നാൽ കർണാടകത്തിൽ സ്ഥിതിയതല്ല. വലിയ ബുദ്ധിമുട്ടില്ലെങ്കിലും ചില്ലറ കീറുന്ന ഏർപ്പാടാണ് !
ഓട്ടോറിക്ഷ ഓടും പോലെ ബംഗലുരുവിൽ നിന്ന് മുംബയിലേക്ക് വിമാനങ്ങൾ പറന്നുകൊണ്ടേയിരിക്കുന്നത് കുറച്ചു നാളുകളായി കുമാരസ്വാമി കാണുന്നുണ്ട്. ഇനി നമ്മുടെ നിർമ്മലാജി സീതാരാമൻജിയുടെ ബഡ്ജറ്റിൽ ഓട്ടോറിക്ഷയേക്കാളും വിമാനത്തിന് വില കുറച്ചതായിരിക്കുമോ കാരണം എന്ന് ഇതുകണ്ടിട്ട് കുമാരസ്വാമിയും അച്ഛൻ ദേവഗൗഡാജിയും സന്ദേഹിക്കുകയുണ്ടായി. പക്ഷേ വജ്രത്തേക്കാളും വിലപിടിപ്പുള്ള ചില ഉരുപ്പടികൾ കടത്തിക്കൊണ്ടുപോകാൻ വിമാനമല്ലാതെ മറ്റൊന്നും ഉപയോഗിക്കാൻ പറ്റില്ല എന്ന വിവരം യദി ഊരപ്പാജിക്കല്ലേ അറിയാവൂ. ഇതിനൊക്കെ പെടുന്ന പാട് ചില്ലറയല്ല എന്നും ഊരപ്പാജിക്കറിയാം. കുമാരസ്വാമിക്ക് അതൊന്നും അറിയാത്തതല്ല എങ്കിലും ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ സ്വാമിക്ക് അത് അറിയാൻ വഴിയില്ല തന്നെ.
ഊരപ്പാജിയും അമിത് ഷാജിയണ്ണനും ഏത് വയസൻ കുതിരയെയും പടക്കുതിരയാക്കി മാറ്റിക്കൊടുക്കാൻ കെല്പുള്ള ബഹുമിടുക്കരാണ്. അതിനെ ചന്തയിൽ കൊണ്ടുപോയി വിൽക്കാൻ വാജുഭായി വാലാജിമാരെയും വേണ്ടിവന്നാൽ അവർ ഏർപ്പാടാക്കി കൊടുക്കും.
അങ്ങനെ ഏർപ്പാട് ചെയ്ത വാലാജിക്ക് ചില്ലറ കച്ചവട ട്രിക്കുകളൊക്കെ നന്നായി അറിയാവുന്നത് കൊണ്ടു മാത്രമാണ് കുമാരസ്വാമിക്ക് ഇൻലൻഡിൽ പ്രണയലേഖനമെഴുതി തുപ്പല് വച്ചൊട്ടിച്ച് അയച്ചു കൊടുത്തത്. പ്രണയലേഖനം രണ്ടെണ്ണം കിട്ടിയെന്നാണ് കുമാരസ്വാമിയുടെ വെളിപ്പെടുത്തൽ.
വേഗം വിശ്വാസവോട്ട് തേടൂ, നാഥാ എന്നാണ് പോലും പ്രണയപരവശനായി വാലാജി വിലപിച്ചത്. വിശ്വാമിത്രനേക്കാളും കടുകട്ടി മനസുള്ള കുമാരസ്വാമിയുടെ മനം ഇതുകൊണ്ടൊന്നും ഇളകുമെന്ന് കരുതേണ്ടതില്ല. സ്വാമി ആള് വേറെയാണ്. 'ആന പിടിച്ചാലിളകാത്തൊരു തടി ശ്വാവ് പിടിച്ചു ഗമിക്കായ് വരുമോ?'
യദി ഊരപ്പാജിയുടെ സ്ഥിതിയാണ് അഹോ കഷ്ടം! ഗൗഡാജി മകൻ കുമാരസ്വാമി വകയായ കസേര കണ്ട് രാപ്പനി പിടിപെട്ടിട്ട് നാളേറെയായിരിക്കുന്നു. കാണാത്ത വൈദ്യന്മാരില്ല, കഴിക്കാത്ത മരുന്നുകളില്ല! വാലാജിയുടെ അന്ത്യശാസനം കേട്ടിട്ടെങ്കിലും സ്വാമിയുടെ തടിക്കസേര ഇളകുമെന്ന സ്വപ്നവും ഉടനെയെങ്ങും ഫലിക്കുമെന്ന് കരുതുക വയ്യ. അന്ത്യശാസനം കൂടെക്കൂടെ നൽകേണ്ടി വരുന്ന നിലയിലാണിപ്പോൾ വാലാജിയും. കലികാലത്തിൽ അങ്ങനെയാണ്. ലാസ്റ്റ് ബസ് കൂടെക്കൂടെ വരുന്നത് പോലെയാണ് ചില അന്ത്യശാസനങ്ങളുടെ കഥയും. സ്വാമിയുടെ വിശ്വാസം ഉടനെയൊന്നും വോട്ടാവുന്ന ലക്ഷണമില്ല!
ബംഗലുരുവിൽ ചില എമ്മെല്ലേ പടക്കുതിരകൾക്ക് അഞ്ച് കോടി വരെ ഊരപ്പാജിയുടെ (അതോ, ഷാജിയുടെയോ) കാവലാളുകൾ വിലയിട്ടതായി വെളിപ്പെടുത്തലുകളുണ്ടായിട്ടുണ്ട്. അഞ്ച് കോടി വിലമതിക്കുന്ന ഉരുപ്പടിയാകാൻ ചില്ലറ യോഗമൊന്നും പോരാ. ഇതുപോലുള്ള ഓഫർ സ്വപ്നങ്ങളിൽ മാത്രം എന്നാണ് അനുഭവസ്ഥർ പറയുന്നത്. പ്രമുഖ വസ്ത്ര വ്യാപാരശാലയുടെ ആടി ഡിസ്കൗണ്ട് സേൽസ് കഴിഞ്ഞാൽ അടുത്തതേതെന്ന ചോദ്യത്തിന് ഉത്തരം വിധാൻസൗധ ആടി സേൽസ് മേള ആണെന്നാണ് പലരും പറയുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള വഴി കണ്ടെത്താനായി എ.ഐ.സി.സിയുടെ സംഘടനാ ജനറൽസെക്രട്ടറി വേണുഗോപാലൻജി റിസർവ് ബാങ്ക് ഗവർണറിൽ നിന്ന് വിദഗ്ധോപദേശം സ്വീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നാണ് ദ്റോണർക്ക് കിട്ടിയ ഏറ്റവും ഒടുവിലത്തെ വിവരം. സ്വാതന്ത്ര്യസമരത്തിൽ നിസഹകരണപ്രസ്ഥാനവും വിദേശവസ്ത്ര ബഹിഷ്കരണവും നയിച്ച വേണുഗോപാലഗാന്ധിജിക്ക് ഇതൊന്നും പുത്തരിയല്ലെങ്കിലും.
ഇ-മെയിൽ: dronar.keralakaumudi@gmail.com