mishel-obama

വാഷിംഗ്ടൺ: അമേരിക്കക്കാർക്കൊപ്പം മറ്റുരാജ്യക്കാർക്കും മുൻ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഭാര്യ മിഷേൽ ഒബാമയോട് വല്ലാത്തൊരിഷ്ടമാണ്. മിഷേലിന്റെ നിഷ്കളങ്കമായ ചിരിയും രൂപവുമാണ് കൂടുതൽപ്പേർക്കും ഇഷ്ടം. അമ്പത്തഞ്ചു വയസായെങ്കിലും കൗമാരക്കാരിയുടെ ചുറുചുറുക്കാണ്. ഇതെങ്ങനെ സാധിക്കുന്നു എന്നാണ് പലർക്കും അറിയേണ്ടത്. സംഗതി വെറും സിംപിൾ. ഭർത്താവിനെയും കുടുംബത്തിലുള്ളവരെയും നല്ലവണ്ണം സ്നേഹിക്കുക.അവരുടെ വിശ്വാസം നേടിയെടുക്കുക.തനിക്ക് കുടുംബം കഴിഞ്ഞിട്ടേ മറ്റെന്തുമുള്ളൂ എന്നാണ് മിഷേൽ പറയുന്നത്. ആ മാനസിക സന്തോഷമാണ് ശരീരത്തിലും സ്വഭാവത്തിലും കാണുന്നത്. ഇതിനൊപ്പം കൃത്യമായ ഡയറ്റും വ്യായാമവും കൂടിയാവുമ്പോൾ കാര്യങ്ങൾ ഡബിൾ ഒാ.കെ.

എന്തുസംഭവിച്ചാലും പുലർച്ചെ 4.30നും അഞ്ചുമണിക്കും ഇടയിൽ എഴുന്നേൽക്കും.വായ വൃത്തിയാക്കിയശേഷം ഒരുഗ്ളാസ് വെള്ളം കുടിക്കും. പിന്നെ വ്യായാമമാണ്. ജിമ്മിൽ പോയുള്ള കടുത്ത വ്യായാമമാണെന്ന് വിചാരിക്കരുത്. ഒാട്ടം, സ്കിപ്പിംഗ് തുടങ്ങിയ ചെറുവ്യായാമങ്ങൾ മാത്രം. അല്പം കടുപ്പമെന്ന് പറയാവുന്നത് കാലുകൾക്ക് ബലംകൊടുക്കുന്ന വ്യായാമമാണ്. ഇതിലൂടെ കാലിന് മാത്രമല്ല വയറിനും പ്രയോജനം ചെയ്യുമെന്നാണ് മിഷേലിന്റെ അഭിപ്രായം. എല്ലാം പഠിച്ചത് കൂട്ടുകാരിൽ നിന്നാണ്.

സ്വന്തമായി പാകംചെയ്യുന്ന ആഹാരം കഴിക്കാനാണ് ഏറെ താത്പര്യം. ഒാട്സ്, കട്ടതൈര്, ഫ്രൂട്ട് സലാഡ്, കൊഴുപ്പ് നീക്കംചെയ്ത പാൽ ഇവയാണ് മിഷേലിന്റെ പ്രഭാത ഭക്ഷണം. എളുപ്പത്തിൽ ദഹിക്കുന്നതും കൂടുതൽ ഉൗർജം തരുന്നതുമാണ് ഇവയെല്ലാം.

ഉച്ചഭക്ഷണത്തിലും മിതത്വം പാലിക്കാൻ പരമാവധി ശ്രമിക്കും. പച്ചക്കറികൾക്കാണ് പ്രാധാന്യം. കൊഴുപ്പുകുറഞ്ഞ ഇറച്ചിവിഭവങ്ങൾക്കും ഉച്ചഭക്ഷണത്തിൽ ഇടംകൊടുത്തിട്ടുണ്ട്. അരിയും ഗോതമ്പുമൊക്കെ കുറച്ചേ കഴിക്കൂ. ആവശ്യത്തിനുള്ള പച്ചക്കറികൾ സ്വന്തമായി വിളയിക്കാനുള്ള കഠിന പരിശ്രമവും നടത്തുന്നുണ്ട്. പക്ഷേ, വിചാരിച്ചതുപോലെ കാര്യങ്ങൾ നടക്കുന്നില്ലെന്നുമാത്രം.

നേരത്തേ അത്താഴം കഴിക്കുന്നതാണ് മിഷേലിന്റെ രീതി. അത്താഴം നന്നായാൽ കൂടുതൽ കരുത്ത് കിട്ടുമെന്ന വിശ്വാസക്കാരിയാണ് അവർ. അതിനാൽ ഇത്തിരി കട്ടിയായവ തന്നെ അകത്താക്കും. ചിക്കൻ, സ്ക്രാംബിൾഡ് എഗ്, ഫിഷ് ഫ്രൈഡ് റൈസ്, ഫ്രഷ് മുന്തിരി എന്നിവയാണ് പ്രധാന ഐറ്റങ്ങൾ.

ചില സന്ദർഭങ്ങളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാവും. ചായയോടും കാപ്പിയോടും ഇഷ്ടക്കേടില്ലെങ്കിലും വലിയ താത്പര്യമില്ല. പക്ഷേ,വെള്ളംകുടി മസ്റ്റാണ്. നിശ്ചിത ഇടവേളകളിൽ അല്പാല്പമായണ് വെള്ളംകുടി. മൂന്നുലിറ്റർവരെ വെള്ളം ഒരുദിവസംകുടിക്കും. ആരോഗ്യപരമായി കഴിക്കുന്നതിനൊപ്പം അത്തരത്തിൽ കഴിക്കാൻ കൂട്ടുകാരെയും ബന്ധുക്കളെയും പ്രേരിപ്പിക്കാനും മിഷേൽ ഒബാമയ്ക്ക് താത്പര്യമാണ്. ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് വൈറ്റ്ഹൗസ് ജീവനക്കാർ ഇത് നന്നായി മനസിലാക്കിയതാണ്.