നെയ്യാറ്റിൻകര: കഴിഞ്ഞ ഏതാനും ആഴ്ചകളായി കൊടങ്ങാവിളക്കാരെ ഭീതിയിലാഴ്ത്തിയ 'പുലി' യെ കുടുക്കാനുള്ള വനം വകുപ്പിന്റേതുൾപ്പെടെയുള്ള അധികൃതരുടെ ശ്രമം വിജയിച്ചില്ല. കോഴിയെയും പട്ടിയെയും കെട്ടിയിട്ട് കെണിയൊരുക്കിയിട്ടും 'പുലി' വീണില്ല. കെണിക്കകത്ത് കെട്ടിയിട്ട കോഴിയെ കാണാതാകുകയും പ്ലാസ്റ്റിക് കയർ കൊണ്ടുള്ള കെട്ടിൽ നിന്ന് നായ കെട്ടഴിച്ച് കെണിക്ക് പുറത്ത് കാണപ്പെടുകയും ചെയ്തതോടെ ഇതിന് പിന്നിൽ സാമൂഹ്യവിരുദ്ധരാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.
കൊടങ്ങാവിളയ്ക്ക് സമീപം നിരവധി ആടുകളെയും കോഴികളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഒരു നായയെയും ആക്രമിച്ചിരുന്നു. പുലിയാണ് ആക്രമണത്തിന് പിന്നിലെന്ന സംശയം വർദ്ധിച്ചതോടെയാണ് വനംവകുപ്പ് അധികൃതർ കെണിയൊരുക്കിയത്. പിന്നീടും രാത്രിയിൽ സമീപത്തെ കോഴികളെ കൊന്നിട്ടനിലയിൽ കണ്ടെത്തി. ഇതിന് പിന്നിൽ നാട്ടിൽ തന്നെയുള്ള ചില സാമൂഹ്യവിരുദ്ധരാണെന്ന് നേരത്തേ അഭ്യൂഹം ഉയർന്നിരുന്നു. ഇവിടത്തെ ചില വീടുകളിൽ അർദ്ധരാത്രി പിറകു വശത്തുകൂടി കയറി ആഭരണങ്ങൾ മോഷ്ടിക്കാൻ നിരന്തരം ശ്രമം നടത്തിയിരുന്ന ഒരാളെക്കുറിച്ച് പൊലീസ് ഇന്റലിജൻസ് വകുപ്പിന് നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു. ഇയാൾക്കെതിരെ നെയ്യാറ്റിൻകര പൊലീസിലും നിരവധി പരാതികൾ ലഭിച്ചിരുന്നു. പുലിവേഷത്തിലെത്തി നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മോഷണം നടത്താനുള്ള പദ്ധതിയാണിതെന്ന് പൊലീസുകാർ തന്നെ സമ്മതിക്കുന്നുണ്ട്. ഇയാളെ അറസ്റ്റു ചെയ്യുന്നതോടെ പുലിവേഷത്തെ കുറിച്ച് വ്യക്തത ലഭിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ യാഥാർത്ഥ്യം വ്യക്തമാകാത്തതിനാൽ ഭീതിയൊഴിഞ്ഞിട്ടില്ല.