general

ബാലരാമപുരം: ജാതിമത പ്രാദേശിക ഭാഷാവ്യത്യാസമന്യേ ഭാരതിയരെ ഒന്നായിക്കണ്ട നേതാവായിരുന്നു കാമരാജെന്ന് മന്ത്രി കെ.രാജു. കാമരാജ് ഫൗണ്ടേഷൻ ഒഫ് ഇന്ത്യ നെല്ലിമൂട് ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച കാമരാജ് ജയന്തി വാരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പദം സ്വയം വിട്ടൊഴിഞ്ഞ് രാഷ്ട്രസേവനത്തിനിറങ്ങിയ കാമരാജിനെ വിദേശരാഷ്ട്രങ്ങൾ പോലും ആദരവോടെയാണ് കണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കാമരാജ് ഫൗണ്ടേഷൻ ഒഫ് ഇന്ത്യ ചെയർമാൻ ഡോ. എ.നീലലോഹിതദാസ് അദ്ധ്യക്ഷത വഹിച്ചു. കെ.ആൻസലൻ എം.എൽ.എ,​ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന.ബി.റ്റി,​ ബ്ലോക്ക് മെമ്പർ ജോണി,​ കാമരാജ് ഫൗണ്ടേഷൻ കേന്ദ്രകമ്മിറ്റി സെക്രട്ടറി വി.സുധാകരൻ,​ ട്രഷറർ നെല്ലിമൂട് പ്രഭാകരൻ,​ മെമ്പർ എൽ.ചന്ദ്രിക,​ റ്റി.സദാനന്ദൻ,​ വി.രത്നരാജ്,​ ജി.ബാബു,​ എം.പൊന്നയ്യൻ,​ ബി.വിശ്വംഭരൻ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും എം.ബി.ബി.എസ്,​ ആയുർവേദം,​ ഹോമിയോ,​ ബി.ഡി.എസ് പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവരെയും അനുമോദിച്ചു. നിർദ്ധന വിദ്യാർത്ഥികൾക്ക് വിവിധ എൻഡോവ്മെന്റും പഠനസഹായവും നൽകി.