സിനിമയിൽ അഭിനയിക്കാൻ എത്തിയതാണ് അവ. പക്ഷേ, ഒരു സീനിൽപോലും പ്രത്യക്ഷപ്പെട്ടില്ല. ഷൂട്ടിംഗ് കഴിഞ്ഞ് അണിയറ പ്രവർത്തകർ അവയെ അവിടെ ഉപേക്ഷിക്കുകയും ചെയ്തു. ക്രമേണ അവർ ഒരു ദ്വീപ് തന്നെ സ്വന്തമാക്കി! പറഞ്ഞുവരുന്നത് അമേരിക്കയിലെ കാലിഫോർണിയയ്ക്ക് സമീപത്തെ ചെറുദ്വീപായ സാന്റാ കാറ്റലീനയിലെ ബൈസണുകൾ അഥവാ അമേരിക്കൻ കാട്ടുപോത്തുകളെ കുറിച്ചാണ്.
35 കിലോമീറ്റർ നീളവും 13 കിലോമീറ്റർ വീതിയുമുള്ള ഈ ചെറു ദ്വീപിൽ എത്തിയാൽ അങ്ങും ഇങ്ങും മേഞ്ഞു നടക്കുന്ന ബൈസണുകളെ കാണാം. വടക്കേ അമേരിക്കയിലെ പ്രയറി പുൽമേടുകളിൽ കൂട്ടമായാണ് ബൈസണുകളെ സാധാരണ കണ്ടുവരുന്നത്. എന്നാൽ, ഇവ സാന്റാ കാറ്റലീന എന്ന ദ്വീപിൽ എത്തിപ്പെട്ടതിനെക്കുറിച്ചുള്ള കഥയാണ് ഏറ്രവും രസകരം.
1924ൽ ' ദ വാനിഷിംഗ് അമേരിക്കൻ ' എന്ന സിനിമയുടെ ചിത്രീകരണത്തിനായി 14 ബൈസണുകളെ ഇവിടെ എത്തിച്ചു. നിർഭാഗ്യവശാൽ സിനിമയിൽ ബൈസണുകൾ ഉള്ള സീനുകൾ ഉൾപ്പെടുത്താൻ കഴിഞ്ഞില്ല. മാത്രമല്ല ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ ഇവയെ തിരികെ കൊണ്ടുപോകാൻ വേണ്ട ചെലവും സിനിമയിലെ അണിയറ പ്രവർത്തകരുടെ പക്കലില്ലായിരുന്നു. ഒടുവിൽ ഈ 14 ബൈസണുകളെയും അവിടെത്തന്നെ ഉപേക്ഷിക്കാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചു. ഇന്ന് നൂറുകണക്കിന് ബൈസണുകൾ ഇവിടെയുണ്ടെന്നാണ് കണക്ക്.
4,000 ആളുകളാണ് സാന്റാ കാറ്റലീനയിലെ താമസക്കാർ. ഇവരിൽ 90 ശതമാനവും സാന്റാ കാറ്റലീനയിലെ ഏക നഗരമായ അവലോണിലാണ് വസിക്കുന്നതും. അതുകൊണ്ടുതന്നെ ഈ ബൈസണുകൾ ദ്വീപിന്റെ മറ്റു ഭാഗങ്ങളിൽ സ്വൈരമായി ജീവിക്കുന്നു. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് കൗതുകമാണ് ഈ ബൈസണുകൾ.