a-vijayaraghavan

തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികൾ തമ്മിലുണ്ടായ പ്രശ്നത്തെ ഉയർത്തിക്കാട്ടി കലാപം സൃഷ്ടിക്കുന്നത് സർക്കാരിനെ തകർക്കാനുള്ള ഗൂഢാലോചനയാണെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ പറഞ്ഞു. കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോളേജിലെ പ്രശ്നങ്ങളെ നിസാരവത്കരിക്കാൻ ശ്രമിച്ച വിജയരാഘവൻ പ്രതിഷേധക്കാരെ പരിഹസിക്കുകയും ചെയ്തു. യു.ഡി.എഫും ബി.ജെ.പിയും ചില മാദ്ധ്യമ മുതലാളിമാരും ചേർന്ന് സർക്കാരിനെ തർക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കോളേജിൽ അടിപിടി ഉണ്ടാക്കിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ പിടിച്ചാൽ പിന്നെ സമരം ചെയ്യുന്നത് എന്തിനാണ്. പിണറായിയുടെ പൊലീസിൽ വിശ്വാസമില്ലാത്തതിനാലാണ് കോൺഗ്രസുകാർ അമിത്ഷായുടെ സി.ബി.ഐ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നത്. കോൺഗ്രസിലെ എ ഗ്രൂപ്പ് എന്നത് ഇപ്പോൾ അന്റണിയല്ല അമിത്ഷായാണ്.

പി.എസ്.സി ലിസ്റ്റുകളുടെ കാലാവധി ദീർഘിപ്പിച്ച് ഉദ്യോഗാർത്ഥികളിൽ നിന്ന് പണം പിരിച്ച് കെ.പി.സി.സി ഓഫീസിലെ ചെലവുകൾ നടത്തിയവരാണ് പി.എസ്.സിയെ കുറ്റപ്പെടുത്തുന്നത്. കെ.എസ്.യുവിന്റെ സമരത്തിൽ പങ്കെടുക്കുന്നത് മീൻകച്ചവടക്കാരും കുറച്ച് വക്കീലൻമാരുമാണ്. 30 വയസും 600 മാസവും പ്രായമുള്ള ഉമ്മൻചാണ്ടിയാണ് കെ.എസ്.യു സമരം നയിക്കുന്നത്.

എസ്.എഫ്.ഐയുടെ അന്ത്യകൂദാശ നടത്താൻ ശ്രമം

വലതുപക്ഷ വർഗീയ ശക്തികൾക്കൊപ്പം ചേർന്ന് എസ്.എഫ്.ഐയുടെ അന്ത്യകൂദാശ നടത്താൻ മാദ്ധ്യമങ്ങൾ ശ്രമം നടത്തുകയാണ്. ഇത് വിലപ്പോവില്ല. മാദ്ധ്യമങ്ങളുടെ താരാട്ട് പാട്ടു കേട്ടല്ല ഇടതുപക്ഷ പ്രസ്ഥാനങ്ങൾ വളർന്നത്. നുണ പ്രചരിപ്പിക്കുന്നവരെ പരസ്യമായി വിചാരണ ചെയ്ത് അതേ നാണയത്തിൽ തിരിച്ചടി നൽകുമെന്നും വിജയരാഘവൻ പറഞ്ഞു.