ന്യൂഡൽഹി: ഉത്തർപ്രദേശിലെ എത്താജില്ലയിൽ മൂന്നുതലയുമായി ജനിച്ച കുഞ്ഞ് ഡോക്ടർമാർക്കും നാട്ടുകാർക്കും അത്ഭുതമാകുന്നു. ഇൗ മാസം പതിനൊന്നിനാണ് ജില്ലയിലെ ഒരു പ്രാഥമികാരോഗ്യകേന്ദ്രത്തിൽ അത്ഭുതബാലിക ജനിച്ചത്.കുഞ്ഞിന്റെ തലയുടെ പിൻഭാഗത്ത് തലകളുടെ ആകൃതിയിലുള്ള ഇൗ വളർച്ചകളിൽ അവയവങ്ങൾ ഒന്നുമില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. പക്ഷ, തലയോട്ടിയുമായി ബന്ധമുണ്ട്.
ആശുപത്രിയിൽ ഒന്നുരണ്ടുതവണ വന്നുപോയതല്ലാതെ യുവതി ഡോക്ടറെ സ്ഥിരമായി കാണുകയോ സ്കാനിംഗിന് വിധേയമാവുകയോ ചെയ്തിരുന്നില്ല. കടുത്ത പ്രസവവേദനയുമായി എത്തിയ യുവതിയെ ഡോക്ടർമാർ അഡ്മിറ്റുചെയ്തു. ഉടൻതന്നെ പ്രസവിക്കുകയും ചെയ്തു. കുഞ്ഞിന്റെ രൂപംകണ്ട് ഡോക്ടർമാരും ബന്ധുക്കളും ഞെട്ടിപ്പോയി. ഉടൻ അമ്മയെയും കുഞ്ഞിനെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കുഞ്ഞിന് ആരോഗ്യപരമായി പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ആശുപത്രിവൃത്തങ്ങൾ പറയുന്നത്. ശസ്ത്രക്രിയ നടത്താനാവുമോ എന്ന കാര്യത്തിലും ഡോക്ടർമാർക്ക് വ്യക്തതയില്ല. കൂടുതൽ പഠിച്ചതിനുശേഷമേ എന്തെങ്കിലും പറയാനാവൂ എന്നാണ് അവർ പറയുന്നത്. ലോകത്തിന്റെ പലഭാഗങ്ങളിലും ഒന്നിലധികം തലയുമായി ജനിച്ച കുഞ്ഞുങ്ങൾക്ക് വിജയകരമായി ശസ്ത്രക്രിയ നടത്താൻ കഴിഞ്ഞിട്ടുണ്ട്. അതേസമയം പിശാചുബാധമൂലമാണ് കുഞ്ഞ് മൂന്നുതലയുമായി ജനിക്കാൻ കാരണമെന്നുപറഞ്ഞ് ചില ഗ്രാമവാസികൾ രംഗത്തെത്തിയിട്ടുണ്ട്. കുഞ്ഞ് ഗ്രാമത്തിനാകെ ദോഷം ചെയ്യുമെന്നും അവർ പറയുന്നു.