കർണാടകയിൽ കോൺഗ്രസ്-ജനതാദൾ കക്ഷികളിൽ നടന്ന കൂറുമാറ്റം കുമാരസ്വാമി മന്ത്രിസഭയുടെ പതനത്തിലേ കലാശിക്കൂ എന്നറിയാത്തവർ ഇൗ രാജ്യത്ത് ആരുമുണ്ടാകില്ല. സർക്കാരിനെ നയിക്കുന്ന നേതാക്കൾക്കും ഇക്കാര്യം നൂറുശതമാനം ബോദ്ധ്യമായിട്ടുണ്ട്. എന്നാൽ യാഥാർത്ഥ്യം മറച്ചുവച്ച് നിയമസഭയിൽ വിശ്വാസ പ്രമേയത്തിന്റെ മറപറ്റി അപഹാസ്യമായ രാഷ്ട്രീയ നാടകമാടാനാണ് ഭരണകക്ഷികളുടെ ശ്രമം. കുമാരസ്വാമി സർക്കാരിന്റെ ആയുസ് വിശ്വാസ പ്രമേയ വോട്ടെടുപ്പിനൊപ്പം അവസാനിക്കാനിരിക്കെ കൂട്ടക്കാലുമാറ്റത്തിന് അരങ്ങൊരുക്കിയ ബി.ജെ.പിക്ക് കുറച്ചുസമയംകൂടി കാത്തിരിക്കാമായിരുന്നു. അതിനുള്ള ക്ഷമ അവർ കാണിച്ചില്ലെന്നുമാത്രമല്ല നിഷ്പക്ഷനായി വർത്തിക്കേണ്ട ഗവർണറെകൂടി അപഹാസ്യമായ ഇൗ രാഷ്ട്രീയ നാടകത്തിന്റെ ഭാഗമാക്കുകയും ചെയ്തു. ഭൂരിപക്ഷം ഫലത്തിൽ നഷ്ടപ്പെട്ടിട്ടും അധികാരത്തിൽ കടിച്ചുതൂങ്ങാൻ ശ്രമിക്കുന്ന സഖ്യകക്ഷികളെക്കാൾ അവമതി ജനിപ്പിക്കുന്നതാണ് ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധിയിൽ ഗവർണർ വാജുഭായ് വാല നടത്തിയ അണിയറ നീക്കങ്ങൾ.
തന്നെ ഗവർണറായി നിയമിച്ചവരുടെ രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി ഒരു നാണവുമില്ലാതെ പരസ്യമായി രംഗത്തുവന്നതിലൂടെ വാജുഭായ് വാല ഗവർണർ പദവിയുടെ അന്തസ്സാണ് തകർത്തെറിഞ്ഞിരിക്കുന്നത്.
നിയമസഭയിൽ വിശ്വാസ പ്രമേയ ചർച്ച നടന്നുകൊണ്ടിരിക്കെ വോട്ടെടുപ്പിന്റെ സമയം നിർണയിക്കാൻ ഗവർണർക്ക് അവകാശമോ അധികാരമോ ഇല്ല. പ്രശ്നത്തിൽ കർണാടക ഗവർണറുടെ ഇടപെടൽ ഏത് നിലയിൽ നോക്കിയാലും അനാവശ്യവും ജനാധിപത്യ പാരമ്പര്യത്തിന് നിരക്കാത്തതുമാണ്. വിശ്വാസ പ്രമേയത്തിന്റെ സ്വാഭാവികമായ അന്ത്യം വരെ കാത്തിരിക്കാനുള്ള ക്ഷമ അദ്ദേഹം കാട്ടേണ്ടതായിരുന്നു. 'മുകളിൽ" നിന്നുള്ള സമ്മർദ്ദമായിരിക്കാം സ്വന്തം പദവിയുടെ വിലപോലും മറന്ന് പ്രവർത്തിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചിരിക്കുക. വിശ്വാസ വോട്ടെടുപ്പിന് ഒന്നിലധികം തവണ മുഹൂർത്തം കുറിച്ച ഗവർണറുടെ കുറിമാനങ്ങൾ സ്പീക്കറും മുഖ്യമന്ത്രി കുമാരസ്വാമിയും തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുകയാണ് ചെയ്തത്. നാണക്കേട് ഇരന്നുവാങ്ങിയ ഗവർണർ വാജുഭായ് ഇൗ ഒറ്റക്കാരണം കൊണ്ടുതന്നെ ഗവർണർ പദവിയുടെ സകല അന്തസ്സും ഒൗന്നത്യവും കളഞ്ഞുകുളിച്ചിരിക്കുകയാണ്. അഭിമാനത്തിന്റെ കണികയെങ്കിലും ശേഷിക്കുന്നുണ്ടെങ്കിൽ വിശ്വാസ പ്രമേയത്തിന്റെ ഭാവി എന്തെന്നറിയാൻ കാത്തിരിക്കാതെ ഗവർണർ പദവി രാജിവച്ച് നാട്ടിലേക്ക് മടങ്ങുകയാണ് വേണ്ടത്. രാജ്യത്ത് ഇതിനുമുമ്പ് മറ്റൊരു ഗവർണറും ഇതുപോലുള്ള അപമാനം ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ല.
വിശ്വാസ പ്രമേയ വോട്ടെടുപ്പിനു സമയം നിശ്ചയിച്ചുകൊണ്ട് ഗവർണർ സ്പീക്കർക്കും മുഖ്യമന്ത്രിക്കും അയച്ച കത്തിന്റെ ഭരണഘടനാസാധുത പരമോന്നത കോടതിവേണം ഇനി തീരുമാനിക്കാൻ. സംസ്ഥാനങ്ങളിൽ രാഷ്ട്രീയ പ്രതിസന്ധി ഉണ്ടാകുന്നതും ഭൂരിപക്ഷം നഷ്ടപ്പെട്ട് മന്ത്രിസഭ നിലംപൊത്തുന്നതുമെല്ലാം സാധാരണ സംഭവമാണ്. ഭൂരിപക്ഷത്തെച്ചൊല്ലി തർക്കം ഉടലെടുക്കുമ്പോൾ നിയമസഭ വിളിച്ചുകൂട്ടി ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർമാർ നിർദ്ദേശം നൽകാറുണ്ട്. ഭരണത്തലവനായ ഗവർണർ നിയമസഭാ നടപടികളിൽ വിദൂരമായിപ്പോലും ഇടപെടാറുമില്ല. ഭൂരിപക്ഷം നഷ്ടപ്പെട്ട് മന്ത്രിസഭ നിലംപതിച്ചാൽ ഭൂരിപക്ഷം പിന്തുണയുള്ള കക്ഷിയെയോ സഖ്യത്തെയോ മന്ത്രിസഭ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കാറുണ്ട്. ഭരണഘടനാപരമായ ചുമതലയാണത്. ഭൂരിപക്ഷം തീരുമാനിക്കേണ്ടത് രാജ് ഭവനിൽ പോലുമല്ലെന്ന് സുപ്രീംകോടതി വിധിയും പ്രാബല്യത്തിലുണ്ട്. അതിനായുള്ള ഏക വേദി നിയമസഭ തന്നെയാണ്. നിയമവും കീഴ്നടപ്പുമൊക്കെ അറിയാത്ത ആളല്ല കർണാടക ഗവർണർ എന്നുവേണം കരുതാൻ. എന്നിട്ടും പക്ഷപാതപരമായി വിശ്വാസപ്രമേയ വോട്ടെടുപ്പിന് ക്ളിപ്തസമയം നിശ്ചയിച്ചുകൊണ്ട് സ്പീക്കർക്കും മുഖ്യമന്ത്രിക്കും സന്ദേശമയയ്ക്കുകയായിരുന്നു, സമയപരിധി ഒാരോതവണ അവസാനിച്ചപ്പോഴും അത് നീട്ടിക്കൊണ്ടു പുതിയ നിർദ്ദേശം പുറപ്പെടുവിക്കുന്നതിൽ തെല്ലും നാണക്കേട് തോന്നിയതുമില്ല. ബാലിശമായ ഇൗ നടപടികളിലൂടെ അദ്ദേഹം സ്വയം ചെറുതാകുകയായിരുന്നു.
കർണാടക രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതിയുടെ മുമ്പിലിരിക്കുകയാണ്. അതിൽ തീർപ്പ് വരാനുള്ളതുകൂടി പരിഗണിച്ചാവാം വിശ്വാസ പ്രമേയ ചർച്ച അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതെന്ന് വ്യക്തമാണ്. വോട്ടെടുപ്പിന്റെ സമയം സഭ മുൻകൂട്ടി നിശ്ചയിച്ചിട്ടില്ലാത്ത സ്ഥിതിക്ക് പുറത്തുനിന്നുള്ള ആർക്കും അതിന് നിർബന്ധിക്കാനുമാകില്ല. ചർച്ച പൂർത്തിയാക്കി വോട്ടെടുപ്പിനായി ക്ഷമയോടെ കാത്തിരിക്കാനേ കഴിയൂ. ഗവർണർ ആവശ്യപ്പെട്ട പ്രകാരം വെള്ളിയാഴ്ച രാത്രി എട്ടുമണിക്ക് വോട്ടെടുപ്പ് നടന്നില്ല. തിങ്കളാഴ്ച ചർച്ച തുടരുമെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് സ്പീക്കർ സഭ അവസാനിപ്പിച്ചത്. വോട്ടെടുപ്പിനുമുൻപ് ഇനിയും എന്തെല്ലാം നാടകം അരങ്ങേറുമെന്ന് നിശ്ചയമില്ല. കുമാരസ്വാമി സർക്കാരിനെ താഴെയിറക്കി അധികാരത്തിലേറാൻ അക്ഷമരായി കാത്തുനിൽക്കുന്ന ബി.ജെ.പിക്ക് ഒട്ടും അഭിമാനിക്കാനാവാത്തതായിരിക്കും കർണാടകയിലെ ഇൗ മന്ത്രിസഭാപ്രവേശം എന്നുകൂടി പറയട്ടെ.