പതിനാറിലേറെ എം.എൽ.എമാർ വിമതരായതോടെ കർണാടകത്തിലെ കോൺഗ്രസ്,ജനതാദൾ കൂട്ടുസർക്കാർ പ്രതിസന്ധിയിലാണ്. ഏത് നിമിഷവും വീഴുമെന്നാണ് സ്ഥിതി. സർക്കാരിനെ തള്ളിയിടാൻ കേന്ദ്രംഭരിക്കുന്ന ബി.ജെ.പി. സർവ അടവുകളും പയറ്റുകയാണ്. കേന്ദ്രസർക്കാരിന്റെ പ്രതിനിധിയായ സംസ്ഥാന ഗവർണർ നിരന്തരം അന്ത്യശാസനങ്ങൾ നൽകി സർക്കാരിനെയും നിയമസഭയേയും സമ്മർദ്ദത്തിലാക്കുന്നു. ഇതെല്ലാം അതിജീവിച്ച് സർക്കാരിന്റെ ജീവൻ നിലനിൽക്കുന്നത് സ്പീക്കർ കെ.ആർ. രമേഷ് കുമാറിന്റെ മനക്കരുത്ത് ഒന്ന് കൊണ്ട് മാത്രമാണ്. വിമത എം.എൽ.എമാരുടെ രാജി സ്വീകരിക്കാതെയും നിയമസഭയിൽ വോട്ടെടുപ്പ് നടത്തുന്നത് നീട്ടികൊണ്ടുപോയും സ്പീക്കർ നിർണായക റോളാണ് വഹിച്ചുപോരുന്നത്. സ്പീക്കർ നൽകുന്ന സമയം ഉപയോഗിച്ച് വിമതരെ അനുനയിപ്പിക്കാൻ കോൺഗ്രസ്,ദൾ നേതാക്കൾക്ക് കഴിഞ്ഞാൽ സർക്കാർ രക്ഷപ്പെടും.
ഇത് രണ്ടാം തവണയാണ് കെ.രാമപ്പ രമേഷ് കുമാർ എന്ന കെ.ആർ. രമേഷ്കുമാർ സ്പീക്കറാകുന്നത്. ആദ്യം സ്പീക്കറാകുന്നത് മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ കർണാടക മുഖ്യമന്ത്രിയായിരുന്ന 1994ലാണ്. ആ വർഷം തന്നെയാണ് അദ്ദേഹം കോൺഗ്രസ് വിട്ട് ജനതാദളിലെത്തിയത്. മന്ത്രിസഭയിലുൾപ്പെടുത്തിയില്ലെങ്കിലും അദ്ദേഹത്തെ സ്പീക്കറാക്കാനുള്ള സൗമനസ്യം ദേവഗൗഡ കാണിച്ചു.
നിയമസഭയിൽ തമാശകൾ പറഞ്ഞും വേണ്ടപ്പോൾ താക്കീത് നൽകിയും എതിർപ്പുകളെ അവഗണിച്ചും മുന്നേറുന്ന രമേഷ്കുമാർ കർണാടകത്തിൽ പ്രസിദ്ധനായത് രണ്ട് കാര്യങ്ങളിലാണ്. ഒന്ന് മുക്ത എന്ന കന്നഡ സീരിയിലിലെ ജഡ്ജ് എന്ന കഥാപാത്രത്തിലൂടെ. മറ്റൊന്ന് വിവാദമായ റോയൽപാഡി ഇരട്ടകൊലക്കേസിൽ പ്രതിയായിട്ട്. രണ്ടും വർഷങ്ങൾ നീണ്ട പോരാട്ടമായിരുന്നു.അഭിനയവും കൗശലവും ഒരുപോലെ വഴങ്ങുന്നത് കൊണ്ടാകും പ്രതിസന്ധിയിലായ സഭയിൽ കെ.ആർ.രമേഷ്കുമാർ എന്ന സ്പീക്കർക്ക് തിളങ്ങാനായത്. അദ്ദേഹത്തി്ന്റെ വാക്കുകളിൽ പറഞ്ഞാൽ 'എന്നെ സമ്മർദ്ദത്തിലാക്കാൻ പോന്ന ഒരാൾ ഇനിയും ജനിക്കണം". സിദ്ധരാമയ്യ മന്ത്രിസഭയിൽ രണ്ടുവർഷം ആരോഗ്യമന്ത്രിയായി പ്രവർത്തിച്ചെങ്കിലും വീഴ്ച വരുത്തുന്ന ഡോക്ടർമാർക്ക് വധശിക്ഷ നൽകണമെന്ന ബിൽ കൊണ്ടുവരാൻ ശ്രമിച്ച് വിവാദത്തിൽി കുരുങ്ങി സ്ഥാനം ഒഴിയേണ്ടിവന്നു.
ജാതിക്കും സമുദായങ്ങൾക്കും മേൽക്കോയ്മയുളള രാഷ്ട്രീയമാണ് കർണാടകത്തിൽ.പ്രബലരായ വൊക്കലിഗ,ലിംഗായത്ത് സമുദായങ്ങൾക്കാണ് ആധിപത്യം. ബ്രാഹ്മണരിൽ നിന്ന് രണ്ട് മുഖ്യമന്ത്രിമാരാണ് കർണാടകം ഭരിച്ചത്. ദേവരാജ് അരശും, രാമകൃഷ്ണഹെഗ്ഡെയും. ഇതിൽ ദേവരാജ് അരശാണ് ബ്രാഹ്മണസമുദായംഗമായ കെ.ആർ.രമേഷ് കുമാറിന്റെ രാഷ്ട്രീയഗുരു. രമേഷ്കുമാറിനെ യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റാക്കിയതും സ്വദേശമായ കോലാറിലെ ശ്രീനിവാസ്പൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കി ജയിപ്പിച്ചതും അരശാണ്.അരശിന്റെ കാലശേഷം അദ്ദേഹം പാർട്ടിയിൽ ഒറ്റപ്പെട്ടു. അതോടെ അദ്ദേഹം ആദ്യം ജനതാപാർട്ടിയിലേക്കും പിന്നീട് ജനതാദളിലേക്കും മാറി.
ബ്രാഹ്മണനാണെങ്കിലും എന്തിനും പോന്നവനെന്നാണ് കോലാറിൽ അദ്ദേഹത്തിന്റെ ഇമേജ്. 1983 മുതൽ നിയമസഭാതിരഞ്ഞെടുപ്പിൽ ശ്രീനിവാസ്പൂരിൽ രമേഷ് കുമാറിന്റെ എതിരാളി വെങ്കിടശിവറെഡ്ഡിയാണ്. രമേഷ് കോൺഗ്രസിലാണെങ്കിൽ വെങ്കിടി ജനതാദളിൽ, രമേഷ് ജനതാദളിലെത്തിയാൽ വെങ്കിടി കോൺഗ്രസിലാകും. അങ്ങിനെയാണ് പോക്ക്. ഒൻപത് തിരഞ്ഞെടുപ്പിൽ അഞ്ചെണ്ണത്തിൽ രമേഷ് ജയിച്ചു, നാലെണ്ണത്തിൽ വെങ്കിടിയും. ഇവർ തമ്മിലുള്ള ശത്രുത കുടിപ്പക പോലെയാണ്.
കോലാറിൽ 'സ്വാമുലു" എന്നാണ് രമേഷിന്റെ വിളിപ്പേര്. അത് പലരിലും ഭയം ജനിപ്പിക്കുന്നതാണെന്ന് പറഞ്ഞാലും അതിശയോക്തിയില്ല. അടിക്കടിയും തലോടലിന് ചിരിയുമാണ് രമേഷിന്റെ സ്റ്റൈൽ. 2003 ൽ റോയൽപാഡി ക്ഷീരസഹകരണസംഘം തിരഞ്ഞെടുപ്പിൽ രമേഷ്കുമാറിന്റെ പാനലിനെ തോൽപ്പിച്ച കർഷകയുവാക്കളായ ശ്യാമശങ്കർറെഡ്ഡിയും കദിരപ്പയും കൊല്ലപ്പെട്ടത് വിവാദമായി. രമേഷ്കുമാറും സഹോദരൻ കൃഷ്ണമൂർത്തിയുമായിരുന്നു കേസിൽ പ്രതികൾ. നീണ്ട നിയമയുദ്ധത്തിൽ ഇവർ കുറ്റവിമുക്തരായെങ്കിലും രമേഷ്കുമാറിന്റെ പ്രതിച്ഛായ മോശമായി. രാഷ്ട്രീയത്തിൽ നിന്ന് അല്പകാലം മാറിനിൽക്കാനും ഇതിടയാക്കി. ഇൗ സമയത്താണ് രമേഷ് കുമാർ അഭിനത്തിലേക്ക് തിരിഞ്ഞത്. ഇ.ടി.വി. ചാനലിൽ വന്ന 'മുക്ത" എന്ന സീരിയലിൽ ജഡ്ജായുള്ള രമേഷ് കുമാറിന്റെ പ്രകടനം ഗംഭീരമായിരുന്നു. എണ്ണൂറിലേറെ എപ്പിസോഡിൽ നീണ്ട സീരിയലിൽ അറുന്നൂറ് എപ്പിസോഡും കോടതി സീനായിരുന്നു.പിന്നീട് മറ്റ് ചില സീരിയലുകളിലും ചില കന്നഡ സിനിമകളിലും അദ്ദേഹം അഭിനയിച്ചു.