july20b

ആറ്റിങ്ങൽ: വാമനപുരം നദിക്ക് കുറുകേ അവനവഞ്ചേരി ഗ്രാമം മുക്ക് മുള്ളിയിൽ കടവിൽ പാലം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ കടക്കുന്നു. ഓരോ തിരഞ്ഞെടുപ്പു കാലത്തും ഇവിടുള്ള നാട്ടുകാർ പാലത്തിനുവണ്ടി മുറവിളി കൂട്ടുക പതിവാണ്. എല്ലാം ശരിയാക്കി തരാമെന്നു പറഞ്ഞ് ജയിച്ചു പോയവർ ഈ കാര്യത്തിൽ ഉദാസീനത കാട്ടുകയാണെന്നാണ് നാട്ടുകാരുടെ വാദം.

പുതിയ സംസ്ഥാന ബഡ്ജറ്റിലെങ്കിലും മുള്ളിയിൽ കടവ് പാലത്തിന് തുക അനുവദിക്കുമെന്നാണ് നാട്ടുകാർ പ്രതീകിഷിക്കുന്നത്. ആറ്റിങ്ങലിന്റെ വികസനത്തിന് നിരവധി കാര്യങ്ങൾക്ക് ബഡ്ജറ്റിൽ തുക അനുവദിച്ചെങ്കിലും വളരെക്കാലത്തെ നാട്ടുകാരുടെ ഈ ആവശ്യത്തിന് ഫലമുണ്ടായില്ല.

വഞ്ചിയൂർ, കട്ടപ്പറമ്പ് പ്രദേശത്തുകാർക്ക് ആറ്റിങ്ങലിലെത്താൻ ഏറെ എളുപ്പമാണ് അവനവഞ്ചേരി മുള്ളിയിൽ കടവിലെ കടത്ത്. എന്നാൽ ഇവിടെ യഥാസമയം കടത്തു വള്ളം പ്രവർത്തിക്കാത്തതിനാൽ നാട്ടുകാർ എറെ വലയുകയാണ്.
കൂടാതെ ഈ പ്രദേശത്തുനിന്നും നൂറുകണക്കിന് വിദ്യാർത്ഥികളാണ് അവനവഞ്ചേരി ഹൈസ്കൂളിലേയ്ക്കും ആറ്റിങ്ങലിലെ വിവിധ സ്കൂളുകളിലേയ്ക്കും പ‍ഠനത്തിനായി പോകുന്നത്. സർക്കാർ സംബന്ധമായ എല്ലാ കാര്യങ്ങളും നിർവഹിക്കാൻ കട്ടപ്പറമ്പുകാർക്ക് ആറ്റിങ്ങലിൽ എത്തിയേ തീരൂ. അവനവഞ്ചേരി മാർക്കറ്റാണ് ഈ പ്രദേശത്തുകാരുടെ സാധന കൈമാറ്റത്തിന്റെയും വാങ്ങലിന്റെയും ഇടം. ഇതിനും ഇവർ ആശ്രയിക്കുന്നത് മുള്ളിയിൽ കടവിലെ കടത്താണ്.