ഉഴമലയ്ക്കൽ: വലിയമല ഐ.എസ്.ആർ.ഒ പ്രദേശങ്ങളിൽ നിന്നും ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിലേയ്ക്ക് എത്തുന്ന കുട്ടികളോട് കെ.എസ്.ആർ.ടി.സി കാട്ടുന്നത് ചിറ്റമ്മ നയമെന്ന് പരാതി. നെടുമങ്ങാട് ഡിപ്പോയിൽ നിന്നുമാണ് കുട്ടികളുടെ സൗകര്യാർത്ഥം സർവീസുകൾ നടത്തിയിരുന്നത്. ഈ മേഖലയിലെ ആദിവാസി പിന്നാക്ക വിഭാഗത്തിലുള്ള കുട്ടികൾക്ക് ഏറെ പ്രയോജനകരമായിട്ടാണ് വർഷങ്ങളായി സർവീസുകൾ നടത്തിയിരുന്നത്.

നെടുമങ്ങാട് ഡിപ്പോയിൽ നിന്നും രാവിലെ ആനാട് വഴി ഐ.എസ്.ആർ.ഒ ജംഗ്ഷൻ ചക്രപാണിപുരം ശ്രീനാരായണ സ്കൂൾ വഴി നെടുമങ്ങാട്ടേയ്ക്കും വൈകിട്ട് നെടുമങ്ങാട് ചക്രപാണിപുരം ശ്രീനാരായണ സ്കൂൾ വഴി ഐ.എസ്.ആർ.ഒ ആനാട് വഴി നെടുമങ്ങാട് സർക്കുലർ സർവീസാണ് കുട്ടികളുടെ സൗകര്യാ‌ത്ഥം നടത്തുന്നത്.

ഇപ്പോൾ ഇതുവഴിയുള്ള സർവീസുകൾ പലദിവസങ്ങളിലും അകാരണമായി നിറുത്തുകയും സമയക്രമം പാലിക്കാറിമില്ല. ഇതുകാരണം വലിയമലയിൽ നിന്നും ഏകദേശം അഞ്ച് കിലോമീറ്റർ ദൂരം നടന്നുവേണം കുട്ടികൾക്ക് ഉഴമലയ്ക്കൽ സ്കൂളിൽ എത്താൻ. ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഉഴമലയ്ക്കൽ സ്കൂളിലെ കുട്ടുകൾ മാത്രമല്ല ആനാട് എസ്.എൻ.വി സ്കൂളിലെ വിദ്യാർത്ഥികളും കരിപ്പൂര് സ്കൂളിലെ കുട്ടികൾക്കും ഈ സർവീസിനെയാണ് ആശ്രയിച്ചിരുന്നത്.

സർവീസുകൾ യഥാസമയം നടത്താത്തതുകാരണം രാവിലേയും വൈകിട്ടും വളരെ താമസിച്ചേ സ്കൂളിലെത്താനും തിരികെ വീട്ടിലെത്താനും കഴിയൂ. ഇതിന് പരിഹാരം ഉണ്ടാക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെടുന്നു.