കേരളത്തിലേക്ക് നാടകീയമായ വരവും പോക്കുമായിരുന്നു ഷീലാദീക്ഷിതിന്റേത്. പതിനഞ്ചു വർഷം ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീലാദീക്ഷിതിനെ 2014മാർച്ചിൽ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മണിക്കൂറുകൾക്ക് മുൻപാണ് കേരള ഗവർണറായി നിയമിച്ചത്. കേരളത്തിലേക്ക് പറന്നെത്തി, കസവുസാരിയുമുടുത്ത് കേരളീയവേഷത്തിൽ ചുമതലയേറ്റ ഷീല, ഗവർണർ കസേരയിൽ 67ദിവസം പൂർത്തിയാക്കിയപ്പോൾ കേന്ദ്രത്തിൽ ഭരണമാറ്റമുണ്ടായി. അവരുടെ കസേര ഉലയാൻ തുടങ്ങി. ഷീലയടക്കം യു.പി.എ സർക്കാർ നിയമിച്ച എട്ട് ഗവർണർമാരെ പുറത്താക്കാൻ ബി.ജെ.പി നേതൃത്വം നീക്കംതുടങ്ങി. കേന്ദ്രആഭ്യന്തര സെക്രട്ടറി എട്ട് ഗവർണർമാർക്ക് ഒഴിയാൻ അനൗദ്യോഗിക നിർദ്ദേശം നൽകി.
പുറത്താക്കൽ ഭീഷണിയുള്ള ഗവർണർമാരെ സംഘടിപ്പിച്ചും പുറത്താക്കുന്നതിന്റെ നിയമപ്രശ്നം ചൂണ്ടിക്കാട്ടിയും ഷീലാദീക്ഷിത് പ്രതിരോധിച്ചു. കോമൺവെൽത്ത് ഗെയിംസ്, ഡൽഹി ജലബോർഡ്, പൊതുമുതൽ ദുരുപയോഗം തുടങ്ങി നിരവധി കേസുകളിൽ അക്കാലത്ത് അന്വേഷണം നേരിട്ടിരുന്ന ഷീലാദീക്ഷിതിന് പ്രോസിക്യൂഷൻ നടപടികളിൽ നിന്നുള്ള സംരക്ഷണം ഉറപ്പാക്കാനാണ് ഗവർണർ പദവി നൽകിയതെന്ന് കേന്ദ്രം ആരോപിച്ചു. കേന്ദ്രത്തിന്റെ തുടർച്ചയായ സമ്മർദ്ദത്തിലും നൂറുദിവസം ഷീലാദീക്ഷിത് പിടിച്ചുനിന്നു. ഒടുവിൽ അധികാരമേറ്റ് 167-ാം നാൾ പ്രൈവറ്റ് സെക്രട്ടറിയെപ്പോലും അറിയിക്കാതെ നാടകീയമായി രാജിവച്ചൊഴിഞ്ഞു.
സംഭവബഹുലമായിരുന്നു ഷീലയുടെ കേരളത്തിലെ നാളുകൾ. ചെറിയ പരിപാടികളിൽ വരെ പങ്കെടുത്തും സാംസ്കാരിക വേദികളിൽ നിറഞ്ഞുനിന്നും ഷീലദീക്ഷിത് കേരളത്തിൽ സജീവസാന്നിദ്ധ്യമായി. എം.ജി സർവകലാശാലാ വൈസ്ചാൻസലറായിരുന്ന ഡോ.എ.വി. ജോർജ്ജിനെ പുറത്താക്കി സംസ്ഥാനത്തിന്റെ ചരിത്രത്തിലും അവർ ഇടംനേടി. നയപരമായ തീരുമാനങ്ങൾ രണ്ടാഴ്ചയിലൊരിക്കൽ വൈസ്ചാൻസലർമാർ തന്നെ അറിയിക്കണമെന്ന് അവർ നിർദ്ദേശം നൽകി. രാജ്ഭവനിലും ഷീലാദീക്ഷിത് ഒരു മാതൃകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ ഓർക്കുന്നു. രാത്രി വൈകുവോളം ഉറക്കമൊഴിഞ്ഞിരുന്നുള്ള ഫയൽ പരിശോധന പതിവായിരുന്നു. രാജിവയ്ക്കുമ്പോൾ ഒരു ഫയൽ പോലും തീരുമാനമെടുക്കാതെ മാറ്റിവച്ചിട്ടുണ്ടായിരുന്നില്ല. കേരളത്തനിമയുള്ള കരകൗശല വസ്തുക്കളുടേയും ശില്പങ്ങളുടേയും ആരാധികയായിരുന്ന ഷീലാദീക്ഷിത് മേളകളിലും മറ്റും പങ്കെടുത്ത് ഇവയെല്ലാം വാങ്ങിക്കൂട്ടുമായിരുന്നു. ഗവർണറായിരിക്കെ ഉപഹാരമായി ലഭിച്ചതിലേറെയും ഇത്തരം വസ്തുക്കളായിരുന്നു.. ഇവയെല്ലാം തന്റെ ഒാർമ്മയ്ക്ക് രാജ്ഭവനിൽ സൂക്ഷിക്കാൻ നിർദ്ദേശിച്ചാണ് ഷീലാദീക്ഷിത് ഗവർണർ പദവിയൊഴിഞ്ഞത്.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പരസ്യം നല്കിയുള്ള പ്രചാരണത്തിനായി സർക്കാർ ഖജനാവിൽനിന്ന് 22.56 കോടി രൂപ ചെലവിട്ടതിന് ഷീലയ്ക്കെതിരെ കേസെടുക്കാൻ വിചാരണക്കോടതി ഉത്തരവിട്ടിരുന്നു. ഡൽഹി ലോകായുക്തയും കേസെടുത്തു. കേരള ഗവർണറാണെന്നും ഭരണഘടനയുടെ 361(2) വകുപ്പ് പ്രകാരം ഗവർണർമാർക്കെതിരെ ക്രിമിനൽ നടപടികളെടുക്കാൻ സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടി ഷീലാദീക്ഷിത് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ജലബോർഡ് അഴിമതിക്കേസിൽ കേരള രാജ്ഭവനിൽ വച്ച് ഷീലാദീക്ഷിതിനെ ചോദ്യംചെയ്യാൻ സി.ബി.ഐ രാഷ്ട്രപതിയുടെ അനുമതി തേടിയപ്പോഴായിരുന്നു ഗവർണർ സ്ഥാനത്തുനിന്നുള്ള നാടകീയമായ രാജി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുക്കാൻ എ.ഐ.സി.സി നിരീക്ഷകയായാണ് പിന്നീട് ഷീലാദീക്ഷിത് കേരളത്തിലെത്തിയത്.