വിഴിഞ്ഞം: പ്രാ‌ത്ഥനകൾക്കും പ്രതീക്ഷകൾക്കും ഫലപ്രാപ്തിയേകി നാലു മത്സ്യതൊഴിലാളികളും തിരികെയെത്തി. നാലുനാൾ മുൻപ് കടലിൽ പോയതായിരുന്നു ഇവർ ഇന്നലെ ഉച്ചയോടെയാണ് മടങ്ങിയെത്തിയത്. കേടായ എൻജിൻ സ്റ്റാർട്ടു ചെയ്യാനായതാണ് ഇവരുടെ അത്ഭുതകരമായ തിരിച്ചു വരവിന് വഴിയൊരുക്കിയത്. ബുധനാഴ്ചയാണ് പുല്ലുവിള കൊച്ചുപള്ളി പള്ളികെട്ടിയ പുരയിടത്തിൽ യേശുദാസൻ (55), കൊച്ചുപള്ളി പുതിയതുറ പുരയിടത്തിൽ ആന്റണി (50) കിണറുവിള പുരയിടത്തിൽ ലൂയിസ് (53), നെടിയവിളാകം പുരയിടത്തിൽ ബെന്നി (33) എന്നിവർ മത്സ്യ ബന്ധനത്തിന് പോയത്. വിഴിഞ്ഞം സ്വദേശി പുഷ്പരാജിന്റെ വള്ളത്തിലാണ് ഇവർ കടലിൽ പോയത്. മടങ്ങിയെത്തിയ നാലു പേരെയും വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. ലൂയിസ്, യേശുദാസൻ എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിലും ആന്റണി ജനറൽ ആശുപത്രിയിലും ചികിത്സ തേടി, ബെന്നി വീട്ടിലേക്ക് മടങ്ങി.

പാരിൽ ഉടക്കിയ നങ്കൂരം രക്ഷയായി

കടുത്ത കടൽക്ഷോഭത്തിൽ മരണത്തെ മുഖാമുഖം കണ്ടാണ് ഇവർ ദിനങ്ങൾ തള്ളി നീക്കിയത്. പച്ച വെള്ളം മാത്രം കുടിച്ചാണ് ഇവർ പിടിച്ചു നിന്നത്. പലവട്ടം ഉയർന്നുപൊങ്ങിയ തിരകളിൽപ്പെടാതെ വള്ളത്തെ പിടിച്ചു നിറുത്തിയത് പാരിൽ നങ്കൂരം ഉടക്കി നിന്നതിനാലാണെന്ന് ഇവർ പറയുന്നു. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവെയാണ് ഇവരുടെ 2 ഔട്ട് ബോർഡ് എൻജിനുകളും കേടായത്. തിരയിൽപ്പെട്ട് ഇവരുടെ വളളം കന്യാകുമാരി ഭാഗത്തേക്ക് നീങ്ങി. ഇതിനിടെയാണ് നങ്കൂരം പാരിൽ ഉടക്കിയത് വള്ളം മറിയാതിരിക്കാൻ ഇതിലുണ്ടായിരുന്ന മത്സ്യം കടലിലേക്ക് നിക്ഷേപിച്ചു. ഇത്രയും ദിവസങ്ങൾക്കിടെ രക്ഷാ സംഘങ്ങളെ കണ്ടില്ലെന്ന് മത്സ്യതൊഴിലാളികൾ പറഞ്ഞു.