വിതുര:മഴപെയ്യുന്നതും കാത്തിരിക്കുകയാണ് വൈദ്യുതി.മാനത്ത് മേഘങ്ങൾ ഉരുണ്ടു കൂടുമ്പോഴേക്കും വൈദ്യുതിയും നിലയ്ക്കും.പിന്നെയുള്ളത് കുറ്റാകുറ്റിരുട്ട് ഒപ്പം ആർത്തലച്ചെത്തുന്ന മഴയും ഇതാണ് വിതുര പഞ്ചായത്തിലെ അവസ്ഥ.തൊളിക്കോട്,വിതുര പഞ്ചായത്തുകളിൽ വൈദ്യുതി മുടക്കവും,അപ്രഖ്യാപിത പവർകട്ടും രൂക്ഷമാകുന്നെന്നാണ് ജനങ്ങൾ ഉയർത്തുന്ന പരാതി. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന പ്രഖ്യാപനം അടിക്കടി നടത്തുമ്പോൾ സ്ഥിതി മറിച്ചാണെന്ന് മാത്രം. മണിക്കൂറുകളോളം വൈദ്യുതി തടസപ്പെട്ടിട്ടും നടപടികളില്ല. വൈദ്യുതി ഒാഫീസുകളിൽ പരാതിക്കാരുടെ പ്രളയമാണ്. ഇതിനിടയിൽ മഴ കൂടി എത്തിയതോടെ പ്രശ്നം രൂക്ഷമായി.മഴക്കാറ് കണ്ടാൽ അപ്രത്യക്ഷമാകുന്ന വൈദ്യുതിവിതരണം മണിക്കൂറുകൾക്ക് ശേഷമാണ് പുനസ്ഥാപിക്കുന്നത്.രണ്ട് ദിവസമായി മലയോരമേഖലയിൽ ശക്തമായി മഴ പെയ്യുകയാണ്. കഴിഞ്ഞ ദിവസം രാത്രി മുഴുവൻ വൈദ്യുതി മുടങ്ങി. തൊളിക്കോട് പഞ്ചായത്തിലാണ് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിട്ടുള്ളത്. ചില മേഖലകളിൽ രൂക്ഷമായ വോൾട്ടേജ് ക്ഷാമവും അനുഭവപ്പെടുന്നുണ്ട്.

ഇതുകാരണം ഇലക്ട്രിക് ഉപകരണങ്ങൾ കേടാകുന്നതായും ഉപഭോക്താക്കൾ പറയുന്നു.

വൈദ്യുതി ചാർജ് ഗണ്യമായി കൂട്ടിയിട്ടും മുടങ്ങാതെ വെളിച്ചം ലഭിക്കാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.വൈദ്യുതിതടസം പതിവായതോടെ വ്യാപാരിസമൂഹവും പ്രതിസന്ധിയിലായി.ഫ്രിഡ്ജിലും,ഫ്രീസറിലും മറ്റും സൂക്ഷിച്ചിരിക്കുന്ന പാലും,ഭക്ഷ്യവസ്തുക്കളും കേടാകുന്നതായാണ് പരാതി.വൈദ്യുതിവിതരണം സുഗമമാക്കുവാൻ ഇലക്ട്രിസിറ്റിവകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരളവ്യാപാരിവ്യവസായിഏകോപനസമിതിയുടെ ആവശ്യം.

തൊളിക്കോട്,വിതുര പഞ്ചായത്തുകളുടെ മിക്ക പ്രദേശങ്ങളിലും വൈദ്യുതിലൈനുകൾക്ക് മീതെ മരങ്ങൾ അപകടാവസ്ഥയിൽ നിൽക്കുന്നത് കാണാം.റബർമരങ്ങളാണ് കൂടുതലും ലൈനുകളിൽ ഉരസി നിൽക്കുന്നത്.കാറ്റോ,മഴയോ എത്തുമ്പോൾ മരശിഖരങ്ങൾ വീണ് ലൈൻപൊട്ടിവീഴുകയും, വൈദ്യുതി വിതരണം നിലക്കുകയുമാണ് പതിവ്.ലൈനുകൾക്ക് മീതെനിൽക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിക്കാറില്ല.