തിരുവനന്തപുരം: എസ്.എഫ്.ഐക്കും പാർട്ടിക്കും പ്രതിച്ഛായാനഷ്ടം വരുത്തിവച്ച യൂണിവേഴ്സിറ്റി കോളേജ് അക്രമത്തിന്റെ പശ്ചാത്തലത്തിൽ, സംഘടനയുടെ ജില്ലയിലെ ചുമതലക്കാരുടെ ഭാഗത്ത് സംഭവിച്ച വീഴ്ചകൾ പരിശോധിച്ച് തിരുത്തലിന് സി.പി.എം ഒരുങ്ങുന്നു.
പാർട്ടിയിലും എസ്.എഫ്.ഐയിലും നിയന്ത്രണമുള്ള നേതാക്കളുടെ വീഴ്ചകളാണ് പരിശോധിക്കുക. ജില്ലയിലെ മുതിർന്ന നേതാക്കളടക്കം പാർട്ടിക്കുള്ളിൽ പഴി കേൾക്കുന്ന സാഹചര്യത്തിലാണിത്. ഇപ്പോഴത്തെ വിവാദങ്ങൾ കെട്ടടങ്ങിയ ശേഷം അതിലേക്ക് നീങ്ങിയാൽ മതിയെന്നാണ് പാർട്ടി സംസ്ഥാന സെന്റർ നൽകിയിരിക്കുന്ന നിർദ്ദേശം.
കോളേജ് കാമ്പസ് അടക്കി ഭരിക്കുന്ന നേതൃസംഘത്തെ മാത്രം കേൾക്കുകയും ,മറുപക്ഷത്തിന്റെ പരാതികൾ അവഗണിക്കുകയും ചെയ്തതിന്റെ ദുരന്തഫലമാണ് ഇപ്പോഴുണ്ടായതെന്ന ആക്ഷേപം ജില്ലയിലെ പാർട്ടിക്കകത്ത് ശക്തമാണ്. കത്തിക്കുത്തിൽ പ്രതി ചേർക്കപ്പെട്ടവരുടെ സംഘത്തിന്റെ കൈകളിലായിരുന്നു യൂണിവേഴ്സിറ്റി കോളേജ് കാമ്പസ്. ഇവരുടെ മർദ്ദനത്തിനും അതിക്രമങ്ങൾക്കും ഇരകളായ നിരവധി എസ്.എഫ്.ഐ പ്രവർത്തകർ കാമ്പസിലുണ്ട്. ഇവരുടെ പരാതികളൊന്നും പരിഗണിച്ചില്ലെന്ന് മാത്രമല്ല, സംഘടനയ്ക്കകത്ത് പരാതി നൽകിയതിന്റെ പേരിൽ വെട്ടിനിരത്തപ്പെടുകയുമുണ്ടായി. ഈ നേതൃസംഘത്തിന് എസ്.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറിയായ ഡി.വൈ.എഫ്.ഐ നേതാവിന്റെയും ഡി.വൈ.എഫ്.ഐ സംസ്ഥാന നേതാവിന്റെയും പാർട്ടിയിലെ ജില്ലയിലെ പ്രമുഖ നേതാവിന്റെയും പിന്തുണ നിർലോഭമായിരുന്നുവെന്നാണ് മറുവിഭാഗത്തിന്റെ ആക്ഷേപം. പാളയം ഏരിയാ കമ്മിറ്റിക്ക് കീഴിൽ നിന്ന് ജില്ലാ നേതൃത്വത്തിലേക്ക് നിയന്ത്രണം തിരിച്ചു പിടിക്കാൻ നീക്കം നടത്തിയതും കാര്യങ്ങൾ വരുതിയിൽ നിറുത്താൻ വേണ്ടിയായിരുന്നുവെന്നാണ് പറയുന്നത്.
കോളേജിൽ മുൻ വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമത്തെ തുടർന്ന് പാർട്ടി ജില്ലാ നേതൃത്വം ഇടപെട്ട് കാമ്പസിനകത്ത് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ധാരണയിലെത്തിയിരുന്നു. അദ്ധ്യാപക പ്രതിനിധികളെയും വിദ്യാർത്ഥി നേതാക്കളെയും വിളിച്ചു നടത്തിയ ചർച്ചയിലാണിത്. സി.സി ടിവി കാമറകൾ സ്ഥാപിക്കുക, തിരിച്ചറിയൽ കാർഡുള്ളവരെ മാത്രം കാമ്പസിനകത്ത് കയറ്റുക, വൈകിട്ട് ആറിന് ശേഷം ആരും കാമ്പസിനകത്ത് തങ്ങാതിരിക്കുക, ഹോസ്റ്റലിൽ അനധികൃത താമസക്കാരെ ഒഴിവാക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് വച്ചതെങ്കിലും ഒന്നും നടപ്പായില്ല. തൊട്ടുപിന്നാലെയാണ് കത്തിക്കുത്ത് സംഭവം അരങ്ങേറിയത്.
എസ്.എഫ്.ഐ ജില്ലാ നേതൃത്വത്തിന്റെ മനോവീര്യം വീണ്ടെടുക്കാനും ഇപ്പോൾ നേരിടുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാനും പ്രതിച്ഛായ വീണ്ടെടുപ്പിനുമായി 25ന് യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ സാംസ്കാരിക കൂട്ടായ്മ ഒരുക്കും. സംഘടനയുടെ ചുമതല വഹിക്കുന്ന സി. ജയൻബാബുവിനെയും ജില്ലാകമ്മിറ്റി അംഗം എ.എ. റഷീദിനെയും ഇതിന്റെ സംഘാടക ചുമതല ഏൽപ്പിക്കാനും കഴിഞ്ഞ ദിവസം സി.പി.എം ജില്ലാ സെക്രട്ടറി വിളിച്ചു ചേർത്ത അദ്ധ്യാപകരുടെയും വിദ്യാർത്ഥി പ്രതിനിധികളുടെയും യോഗം തീരുമാനിച്ചു. എസ്.എഫ്.ഐ നേതാക്കളായിരുന്ന കോളേജിലെ പൂർവ വിദ്യാർത്ഥികളാവും കൂട്ടായ്മയിൽ പ്രധാനമായും പങ്കെടുക്കുക.