ആറ്റിങ്ങൽ: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ആറ്റിങ്ങൽ കൊല്ലമ്പുഴ ഓവർ ബ്രിഡ്ജിന് സമീപം പോസ്റ്റുകൾ നിരയായി മറിഞ്ഞ് വൈദ്യുതി തടസപ്പെട്ടു. മൂന്ന് പോസ്റ്റുകളാണ് കാറ്റിൽ ചരിഞ്ഞത്. കെ.എസ്.ഇ.ബിയിൽ വിവരമറിയിച്ചെങ്കിലും ആരുംതന്നെ ഇങ്ങോട്ടേയ്ക്ക് തിരിഞ്ഞു നോക്കിയില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം, ചരിഞ്ഞ പോസ്റ്റുകൾ ഇവിടെ സ്ഥാപിച്ചിട്ട് മാസങ്ങളെ ആയിട്ടുള്ളൂ എന്നും, ഒരു മഴക്കാലംപോലും താങ്ങാനാകാത്ത രീതിയിൽ പോസ്റ്റുകൾ സ്ഥാപിക്കുന്നത് അപകടങ്ങൾക്ക് വഴിയൊരുക്കുമെന്നും, രാത്രിയിൽ ഇത് റോഡിലേക്ക് മറിഞ്ഞിരുന്നെങ്കിൽ വൻ ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമായിരുന്നു എന്നും നാട്ടുകാർ പറഞ്ഞു. കെ.എസ്.ഇ.ബി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ കരാർ ജീവനക്കാരൻ വരാത്തതാണ് പണിക്ക് കാലതാമസം ഉണ്ടാകുന്നതെന്ന് അറിയിച്ചതായി വാർഡ് കൗൺസിലർ പ്രശാന്ത് പറഞ്ഞു.