ksu-leader

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്കും സർവകലാശാല ആസ്ഥാനത്തിന് മുന്നിലും തള്ളിക്കയറി കെ.എസ് .യു പ്രവർത്തകർ സമരം കടുപ്പിച്ചു. ഇന്നലെ വൈകിട്ട് 3 മണിയോടെ പത്തോളം പെൺകുട്ടികളുടെ സംഘമാണ് ക്ലിഫ് ഹൗസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത്. മുദ്രവാക്യം മുഴക്കിയെത്തിയ ഇവരെ ഏറെ നേരത്തെ സമരത്തിന് ശേഷം പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.കെ.എസ് .യു നേതാക്കളായ സ്നേഹ, സജിന, അഭിരാമി, ദേവിക , പ്രിയങ്ക ഫിലിപ്പ് എന്നിവരാണ് അറസ്റ്റിലായത്.

അതേസമയം, കെ.എസ്.യുവിന്റെ നിരാഹാര സമരം ഒത്തു തീർപ്പാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് പരാതി സമർപ്പിക്കാനെത്തിയ തങ്ങളെ പുരുഷ പൊലീസ് മർദ്ദിച്ചതായി വനിതാ പ്രവർത്തകർ മനുഷ്യാവകാശ കമ്മിഷൻ, ഡി.ജി.പി വനിതാകമ്മിഷൻ എന്നിവർക്ക് പരാതി നൽകി. നിവേദനം കൊടുക്കാനെത്തിയ തങ്ങളെ മുഖ്യമന്ത്രിയുടെ സ്റ്റാഫും ഗൺമാനും പൊലീസുകാരും ചേർന്ന് മർദ്ദിക്കുകയും ഷീൽഡ് ഉപയോഗിച്ച് ഇടിച്ചുവീഴ്ത്തുകയും ചെയ്‌തെന്നും ലാത്തി കൊണ്ട് കുത്തിയെന്നും വസ്ത്രങ്ങൾ വലിച്ചുകീറി അസഭ്യം പറഞ്ഞെന്നും പരാതിയിൽ പറയുന്നു.

സർവകലാശാല ആസ്ഥാനത്തും സമരം

വൈകിട്ട് നാലരയോടെയാണ് കേരള സർവകലാശാല ആസ്ഥാനത്തിന്റെ കവാടത്തിന് മുന്നിൽ ഒരു സംഘം കെ. എസ്. യുക്കാർ സമരം നടത്തിയത്. ലാ അക്കാഡ‌മിയിലെ വിദ്യാർത്ഥിയും കെ.എസ്.യു പ്രവർത്തകനുമായ അജയ് ജ്യൂവൽ കുര്യാക്കോസ് ഫീസടയ്‌ക്കാൻ എത്തിയപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസും സുരക്ഷാ ജീവനക്കാരും തടഞ്ഞതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. സംഭവമറിഞ്ഞ് ഇരുപത്തി അഞ്ചോളം കെ.എസ് .യു പ്രവർത്തകർ സംഘടിച്ചെത്തി പ്രധാന കവാടത്തിന് മുന്നിൽ കുത്തിയിരിക്കുകയായിരുന്നു. തുടർന്ന് സി.ഐ യുടെ നിർദ്ദേശ പ്രകാരം വിദ്യാർത്ഥിയെ കടത്തിവിട്ടതോടെയാണ് സമരം അവസാനിപ്പിച്ചത്.