തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിൽ നടന്നത് രാജ്യത്തെ ഏറ്റവും വലിയ പരീക്ഷാ തട്ടിപ്പാണെന്നും കോളേജിലെ ഉത്തരകടലാസ് പുറത്തുപോയ സംഭവത്തിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്നും
ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ് ആവശ്യപ്പെട്ടു. എ.ബി.വി.പി സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന 72 മണിക്കൂർ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന് മറച്ചുവയ്ക്കാൻ ഒന്നും ഇല്ലെന്ന് മുഖ്യമന്ത്രി പറയുമ്പോഴും അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറാൻ മടിക്കുകയാണ്.
പ്രിൻസിപ്പാൾ, ഇടത് സഹയാത്രികരായ അദ്ധ്യാപകർ, എസ്.എഫ്.ഐ തുടങ്ങിയ ത്രികക്ഷി റാക്കറ്റാണ് യൂണിവേഴ്സിറ്റി കോളേജിലെ അധോലോകം. അനാശാസ്യം, അതിക്രമം, പീഡനം, ക്രൂരത എന്നിവയാണ് ഈ അധോലോകത്ത് അരങ്ങേറുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി, ജില്ല പ്രസിഡന്റ് എസ് .സുരേഷ്, ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് സജി, ജില്ലാ വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.