തിരുവനന്തപുരം: മത്സ്യത്തൊഴിലാളി മേഖലയിലെ ചൂഷണങ്ങൾക്കെതിരെയും നിയമവിരുദ്ധമായി കടലിൽ പോകുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ പറഞ്ഞു. മത്സ്യഫെഡിന്റെ ആഭിമുഖ്യത്തിൽ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡ് വിതരണം പാളയം എൽ.എം.എസ് കോമ്പൗണ്ടിലെ വിമൻസ് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്റി.
സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെയാണ് കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് നിന്ന് മത്സ്യതൊഴിലാളികൾ കടലിൽ പോയതും തുടർന്ന് കാണാതായതും. ചില ബോട്ടുടമകൾ തൊഴിലാളികളെ നിർബന്ധപൂർവം കടലിലേക്ക് തള്ളിവിടുകയാണ്. കാലവസ്ഥ പ്രതികൂലമാണെന്ന ജാഗ്രതാ നിർദ്ദേശവും ഇവർ അവഗണിച്ചു. വിഴിഞ്ഞം ഹാർബറിന്റെ പണി പൂർത്തിയാകരുതെന്നാണ് ചില സ്ഥാപിത താത്പര്യക്കാരുടെ ആഗ്രഹം. മത്സ്യത്തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങൾ ആധാറുമായി ബന്ധിപ്പിക്കും. അനർഹരെ ആനുകൂല്യം കൈപ്പറ്റുന്നതിൽ നിന്ന് തടയുകയാണ് ലക്ഷ്യം. മത്സ്യത്തൊഴിലാളികൾക്ക് വള്ളങ്ങളുടെ ഉടമസ്ഥാവകാശം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സർക്കാർ കൈകൊണ്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി 120ഓളം വള്ളങ്ങൾ മത്സ്യത്തൊഴിലാളികൾക്ക് കൈമാറി. തൊഴിലാളികളെ വള്ളങ്ങളുടെ ഉടമസ്ഥരാക്കി ചൂഷണം അവസാനിപ്പിക്കുകയാണ് ഫിഷറീസ് വകുപ്പിന്റെ ലക്ഷ്യം. രക്ഷിതാക്കളില്ലാത്ത മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികളുടെ പഠനം സർക്കാർ ഏറ്റെടുക്കും. കടൽ ക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട ബീമാപള്ളി, വലിയതുറ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികൾക്ക് ഫ്ലാറ്റ് നിർമ്മിക്കാനുള്ള പദ്ധതി തടസപ്പെടുത്താനുംശ്രമം നടക്കുന്നു. മത്സ്യത്തൊഴിലാളി മേഖലയിലെ ചൂഷണത്തിനെതിരെ ട്രേഡ് യൂണിയനുകൾ ഒരുമിച്ച് നിൽക്കണമെന്നും വളർന്ന് വരുന്ന തലമുറ മേഖലയിലെ ചൂഷണത്തിനെതിരെ പ്രതികരിക്കണമെന്നും മന്ത്രി പറഞ്ഞു.
മത്സ്യഫെഡ് ചെയർമാൻ പി.പി ചിത്തരഞ്ജൻ അദ്ധ്യക്ഷനായി. മത്സ്യ ഫെഡ് എം.ഡി ലോറൻസ് ഹരോൾഡ്, പാളയം രാജൻ, ആർ.ജെറാൾഡ്, സബീന സ്റ്റാൻലി, ജി.രാജദാസ്, ടി.മനോഹരൻ, പുല്ലുവിള സ്റ്റാൻലി, പി.പയസ്, ഓസ്റ്റിൻ ഗോമസ്, സോളമൻ വെട്ടുകാട്, ഇ.കെന്നഡി, നാൻസി പി ജോർജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയവും, ബിരുദ, ബിരുദാനന്തര പരീക്ഷകളിൽ റാങ്കും , എം.ബി.ബി.എസ് - ബി.ഡി.എസ് പ്രവേശനവും നേടിയ തിരുവനന്തപുരം കൊല്ലം ജില്ലകളിലെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കാണ് ചടങ്ങിൽ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തത്.