തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിന്റെ പേരിലുള്ള പ്രതിഷേധ സമരത്തിന്റെ ആവേശം കൂടിയപ്പോൾ എ.ബി.വി.പി നേതാക്കൾ ഉപരോധിച്ച വീട് മാറിപ്പോയി. വൈസ് ചാൻസലർ ഡോ.മഹാദേവൻ പിള്ളയുടെ വീട് ഉപരോധിക്കാനെത്തിയവർ പകരം അദ്ദേഹത്തിന്റെ ഭാര്യാ പിതാവിന്റെ വീട് ഉപരോധിച്ചു.
ഇന്നലെ രാവിലെ 7.40 മണിയോടെയായിരുന്നു സംഭവം. എ.ബി.വി.പി സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.വിഷ്ണു, സംസ്ഥാന കമ്മിറ്റി അംഗം എം.മനോജ് ജില്ലാ കമ്മിറ്റി അംഗങ്ങളായ സ്റ്റെഫിൻ സ്റ്റീഫൻ, എ.ബി.അഖിൽ എന്നിവരാണ് കൊച്ചുള്ളൂർ അർച്ചന നഗറിലുള്ള മഹാദേവൻ പിള്ളയുടെ ഭാര്യാപിതാവ് ടി.എസ്.എൻ പിള്ളയുടെ വീടിന്റെ വരാന്തയിൽ ഉപരോധം നടത്തിയത്. വീടിനു മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളി തുടങ്ങി. വീട്ടിൽ ടി.എസ്.എൻപിള്ളയുടെ ഭാര്യ മാത്രമാണ് ഉണ്ടായിരുന്നത്.
ഇതിനു പിന്നിലെ സ്വന്തം വീട്ടിലായിരുന്നു അപ്പോൾ വി.സി ഡോ..മഹാദേവൻ പിള്ള. വിവരമറിഞ്ഞ് മെഡിക്കൽ കോളേജ് എസ്‌ഐ ആർ.ശ്രീകാന്തിന്റെ നേതൃത്വത്തിൽ പൊലീസെത്തി 4 പേരെയും അറസ്റ്റ് ചെയ്തു നീക്കി. വീട്ടിൽ അതിക്രമിച്ചു കയറിയതിനു കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു. യൂണിവേഴ്സിറ്റി കോളജിലെ അക്രമസംഭവങ്ങളിലും സർവകലാശാലയുടെ ഉത്തരക്കടലാസുകൾ കണ്ടെത്തിയതിലും നടപടി ആവശ്യപ്പെട്ട് എ.ബി.വി.പി സംസ്ഥാന നേതാക്കൾ വി.സിയെ നേരിൽ കാണാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അതിനു തയ്യാറായില്ലെന്നാണ് പരാതി. . തുടർന്നാണ് വസതി ഉപരോധത്തിന് മുതിർന്നത്.