തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഭവങ്ങളെപ്പറ്റി നിയമസഭയിൽ നൽകിയ മറുപടിയിൽ ബോധപൂർവം വ്യാജപ്രസ്താവന നടത്തി സഭയെ തെറ്റിദ്ധരിപ്പിക്കാനും സഭയിൽ നിന്ന് യാഥാർത്ഥ്യങ്ങൾ മറച്ചുവയ്ക്കാനും ശ്രമിച്ചെന്ന് ആരോപിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലിനെതിരെ അവകാശലംഘനത്തിന് കെ.സി. ജോസഫ് എം.എൽ.എ സ്പീക്കർക്ക് നോട്ടീസ് നൽകി.
യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട ചോദ്യത്തിന് നിയമസഭയിൽ മന്ത്രി നൽകിയ മറുപടി കോളേജ് യൂണിയൻ ഓഫീസ് പൂട്ടി താക്കോൽ പ്രിൻസിപ്പൽ സൂക്ഷിക്കുന്നുണ്ട് എന്നാണ്. ഇത് വസ്തുതാവിരുദ്ധവും സഭയെ തെറ്റിദ്ധരിപ്പിക്കാൻ മന്ത്രി ബോധപൂർവ്വം ശ്രമിച്ചതുമാണ്. ഈ മാസം 12ന് കോളേജിൽ എസ്.എഫ്.ഐ നേതാക്കൾ അഖിലിന് നേരേ നടത്തിയ വധശ്രമം റിപ്പോർട്ട് ചെയ്ത മാദ്ധ്യമങ്ങളെല്ലാം ചൂണ്ടിക്കാട്ടിയത് അഖിലിനെ യൂണിയൻ ഓഫീസിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ചുവെന്നാണ്. പിന്നീട് ആ മുറിയിൽ നിന്ന് ഉത്തരക്കടലാസുകളും മദ്യക്കുപ്പിയും കണ്ടെടുത്ത വാർത്തകളും വന്നു. ഇതിൽ നിന്ന് വ്യക്തമാകുന്നത് ഉന്നത വിദ്യാഭ്യാസമന്ത്രി സഭയിൽ നൽകിയ ഉത്തരം സത്യവിരുദ്ധമാണെന്നാണ് എന്ന് കെ.സി. ജോസഫ് ചൂണ്ടിക്കാട്ടി.