തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥി അഖിലിനെ കുത്തിയത് പൊലീസ് കോളേജിൽ നിന്ന് കണ്ടെടുത്ത 'ഹൈടെക്ക് ' കത്തിയുപയോഗിച്ചാണെന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർ സ്ഥിരീകരിച്ചു. മുറിവിന്റെ സ്വഭാവം പരിശോധിച്ചാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ഇക്കാര്യം സാക്ഷ്യപ്പെടുത്തിയത്. ഡോക്ടറുടെ മൊഴി ഇന്നലെ പൊലീസ് രേഖപ്പെടുത്തി. സംഘർഷത്തിന് സാക്ഷികളായിരുന്ന 16 വിദ്യാർത്ഥികൾക്ക് തിങ്കളാഴ്ച ഈ കത്തി കാണിച്ചു കൊടുത്ത് മൊഴി വീണ്ടും രേഖപ്പെടുത്തും.
കത്തി വാങ്ങിയ ഓൺലൈൻ ഇടപാട് കണ്ടെത്താൻ നസീമിന്റെയും ശിവരഞ്ജിത്തിന്റെയും മൊബൈൽ ഫോണുകൾ ഉടൻ ശാസ്ത്രീയപരിശോധനയ്ക്ക് അയയ്ക്കും. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം രക്തക്കറ പുരണ്ട കത്തി ഫോറൻസിക് ലാബിലേക്ക് അയയ്ക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ സമർപ്പിക്കും.
അതിനിടെ, ശിവരഞ്ജിത്തിനെയും നസീമിനെയും 29 വരെ കോടതി റിമാൻഡ് ചെയ്തു. കനത്ത സുരക്ഷയിലാണ് പ്രതികളെ കോടതിയിൽ എത്തിച്ചത്. എന്തെങ്കിലും പരാതി ഉണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് 'ഇല്ല' എന്നായിരുന്നു പ്രതികളുടെ മറുപടി.
കേസിലെ പത്ത് പ്രതികളെക്കൂടി തിരിച്ചറിഞ്ഞെന്നും ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും കന്റോൺമെന്റ് സി.ഐ അനിൽകുമാർ പറഞ്ഞു. ഇവരെല്ലാം രക്ഷിതാക്കളുടെ സംരക്ഷണയിലാണ്. അതിനാൽ ലുക്ക് ഔട്ട് നോട്ടീസിന്റെ ആവശ്യമില്ലെന്നും പൊലീസ് പറഞ്ഞു.
യൂണി. കോളേജിൽ
പൊലീസ് പിക്കറ്റ്
യൂണിവേഴ്സിറ്റി കോളേജിൽ 24 മണിക്കൂർ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തും. കോളേജ് അധികൃതരുടെ ആവശ്യപ്രകാരമാണിത്. കൂടുതൽ പൊലീസിനെയും കോളേജിൽ വിന്യസിക്കും.