kerala-university
kerala university

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ആക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പുള്ളതിനാൽ കേരള സർവകലാശാല വൈസ്ചാൻസലർ ഡോ.വി.പി.മഹാദേവൻ പിള്ളയ്ക്ക് അതീവസുരക്ഷ ഏർപ്പെടുത്തി. വി.സിയുടെ വാഹനത്തിന് രണ്ടു വീതം പൊലീസ് വാഹനങ്ങളുടെ പൈലറ്റും എസ്കോർട്ടും ഏർപ്പെടുത്തി. വി.സിയുടെ വാഹനം കടത്തിവിടാൻ പ്രധാന ജംഗ്ഷനുകളിൽ മറ്റു വാഹനങ്ങൾ പൊലീസ് നിയന്ത്രിച്ചു. ഗവർണർ പി.സദാശിവത്തെ സന്ദർശിച്ച് മടങ്ങവേ വെള്ളിയാഴ്ച രാജ്ഭവനു മുന്നിൽ വൈസ്ചാൻസലറെ കെ.എസ്.യു കാൽമണിക്കൂറോളം തടഞ്ഞുവച്ചിരുന്നു. ഇന്നലെ വി.സിയുടെ വസതിയിൽ എ.ബി.വി.പി ഉപരോധ സമരം നടത്തിയിരുന്നു.

സമരം നടത്തുന്ന കെ.എസ്.യു പ്രവർത്തകർ കേരള സർവകലാശാല വൈസ്ചാൻസലർ, പ്രോ വൈസ്ചാൻസലർ എന്നിവർക്കു മേൽ കരിഓയിൽ ഒഴിക്കുമെന്ന് സ്പെഷ്യൽബ്രാഞ്ച് മുന്നറിയിപ്പുണ്ട്. വി.സിക്കു പുറമെ പ്രോവൈസ് ചാൻസലർ ഡോ.പി.പി.അജയകുമാറിനും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വി.സിയുടെയും പി.വി.സിയുടെയും ഓഫീസിലേക്ക് പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. തിരിച്ചറിയൽ കാർഡുള്ള, മുൻകൂട്ടി അനുമതി വാങ്ങിയ വിദ്യാർത്ഥികളെയേ ഓഫീസുകളിലേക്ക് കടത്തിവിടൂ. പുറമെ നിന്നുള്ളവർക്കും നിയന്ത്രണമുണ്ട്. സർവകലാശാലയ്ക്കും പൊലീസ് 24മണിക്കൂർ സായുധ സുരക്ഷ ഏർപ്പെടുത്തി.