photo

ഇടിഞ്ഞാർ: ചിന്നം വിളിച്ചെത്തിയ കാട്ടാനകൾ ആദിവാസി കുടുംബത്തിന്റെ കുടിൽ തകർത്തെറിഞ്ഞു. ഒരു വയസുള്ള കുഞ്ഞിനെയുമെടുത്ത് കുടുംബാംഗങ്ങൾ കാട്ടാനകളുടെ മുന്നിലൂടെ സാഹസികമായി ഓടി രക്ഷപ്പെട്ടു. കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെ പെരിങ്ങമ്മല ഫോറസ്റ്റ് സെക്ഷനിലെ ഇടിഞ്ഞാർ മുത്തിപ്പാറ സിദ്ധു ഭവനിൽ പ്രീതിയും കുടുംബാംഗങ്ങളുമാണ് ഭാഗ്യം കൊണ്ടുമാത്രം രക്ഷപ്പെട്ടത്. മൂന്ന് ആനകളാണ് കുടിൽ വളഞ്ഞ് തൂണുകൾ പിഴുതെറിഞ്ഞത്. തോരാമഴയിൽ കാട്ടാനകളുടെ പരാക്രമം പരിസരത്തെ കുടിലുകളിൽ താമസിക്കുന്നവർ അറിഞ്ഞില്ല. പ്രീതി, ഭർത്താവ് ദീപു, അമ്മ ശോഭന എന്നിവരാണ് കൈക്കുഞ്ഞുമായി മരണമുഖത്ത് നിന്ന് രക്ഷപ്പെട്ടത്. വീടിന്റെ അരഭിത്തിയും ഈറ്റയില കൊണ്ടുള്ള മറയും പാത്രങ്ങളും നശിച്ചു. തലേന്ന് രാത്രി കുടിലിന് സമീപത്തെ ഷെഡും വാഴക്കൃഷിയും കാട്ടാന നശിപ്പിച്ചിരുന്നു. മുത്തിപ്പാറയ്ക്ക് പുറമെ വിട്ടിക്കാവ്, കല്ലണ, ഇയ്യക്കോട്, ചെന്നല്ലിമൂട് ആദിവാസി പ്രദേശങ്ങളിലും കാട്ടാനകൾ നാശം വിതച്ചു. നിരവധി പേരുടെ റബർ, വാഴ, പ്ലാവ് മുതലായ വിളകൾ നശിപ്പിച്ചു. കാട്ടാന ആക്രമണം തടയാൻ വനംവകുപ്പ് സോളാർ ഫെൻസിംഗ് സ്ഥാപിച്ചെങ്കിലും കെ.എസ്.ഡി.സിയുടെ ഉടമസ്ഥതയിലുള്ള പ്ലാന്റേഷൻ വഴിയാണ് കാട്ടാനക്കൂട്ടം ജനവാസ മേഖലയിലിറങ്ങുന്നത്.