തിരുവനന്തപുരം: ശക്തമായി തുടരുന്ന മഴയും കടലാക്രമണവും സംസ്ഥാനത്തങ്ങോളമിങ്ങോളം ജനജീവിതം ദുരിതത്തിലാക്കി. നെയ്യാറ്റിൻകരയിലും കാസർകോട്ടും കോഴിക്കോട്ടും വയനാട്ടിലും ഇന്നലെ വ്യത്യസ്ത സംഭവങ്ങളിൽ നാലു പേർ മരിച്ചു. ഇതോടെ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മഴയെത്തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം ആറായി. പത്ത് ദുരിതാശ്വാസ ക്യാമ്പുകളിലായി 165 കുടുംബങ്ങളിൽ പെട്ട 835 പേരെ ഇന്നലെ മാറ്റിപ്പാർപ്പിച്ചു. നദികളിലും ഡാമുകളിലും ജലനിരപ്പ് ഉയരുകയാണ്.
ചൂണ്ടയിടുന്നതിനിടെ നെയ്യാറിൽ വീണ് ചെങ്കൽ തെക്കേ കാട്ടിലുവിള തിന്നവിള വീട്ടിൽ സ്റ്റീഫൻ (55), കോഴിക്കോട് ചെറുവണ്ണൂരിൽ വീട്ടുമുറ്റത്തെ വെള്ളക്കുഴിയിൽ വീണ് ഭിന്നശേഷിക്കാരനായ പയ്യാനക്കൽ കുറ്റിക്കാട് പറമ്പിലെ അതുൽ കൃഷ്ണ (18), മഴയത്ത് ഇരുമ്പ് കമ്പി ഉപയോഗിച്ച് ചക്ക പറിക്കുന്നതിനിടെ ലൈനിൽ നിന്ന് ഷോക്കേറ്റ് വയനാട് പുൽപ്പള്ളി കാപ്പിസെറ്റ് ചെറുപള്ളിൽ വിജേഷിന്റെ ഭാര്യ രജനി (38), നിറഞ്ഞു കിടന്ന കിണറ്രിൽ കാൽവഴുതി വീണ് കാഞ്ഞങ്ങാട് മാവുങ്കാൽ കാട്ടുകുളങ്ങര അക്കരവളപ്പിൽ നാരായണി (68) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെ നെയ്യാറിലെ പിരായംമൂട് കടവിൽ കാണാതായ സ്റ്റീഫന്റെ മൃതദേഹം ഇന്നലെ രാവിലെ പാലക്കടവിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്.
ഇടുക്കി അടിമാലി കൊന്നതടിയിലുണ്ടായ ഉരുൾപൊട്ടലിൽ കൃഷിസ്ഥലം ഒലിച്ചുപോയി. ജില്ലയിൽ പല ഭാഗത്തും മണ്ണിടിച്ചിലുണ്ടായി. കല്ലാർകുട്ടി, പാംബ്ല, മലങ്കര ഡാമുകളുടെ ഷട്ടറുകൾ വെള്ളിയാഴ്ച മുതൽ തുറന്നിരിക്കുകയാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് രണ്ടര അടി ഉയർന്നു.
ചൊവ്വാഴ്ച വരെ അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കാൻ കേന്ദ്ര കാലാവസ്ഥാവകുപ്പ് നിർദ്ദേശിച്ചു. വിവിധ ജില്ലകളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ്, ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് ഈ ദിവസങ്ങളിൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാദ്ധ്യതയുണ്ട്
വിഴിഞ്ഞത്ത് കടലിൽ കാണാതായ
4 പേർ തിരിച്ചെത്തി
കഴിഞ്ഞദിവസം വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളികളായ യേശുദാസൻ, ആന്റണി, ലൂയിസ്, ബെന്നി തുടങ്ങിയവർ ഇന്നലെ തിരിച്ചെത്തി. നീണ്ടകരയിൽ നിന്ന് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. ഫോർട്ട് കൊച്ചിയിൽ കടലിലിറങ്ങിയ യുവാവിനെ ഇന്നലെ തിരയിൽപെട്ട് കാണാതായി.