jail

തിരുവനന്തപുരം: പോക്സോ കേസിൽ പ്രതിയെ ഹാജരാക്കാതിരിക്കാൻ കോടതി അയച്ച റിമാൻഡ് വാറണ്ട് തിരുത്തിയതിന് പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് എം.കെ.വിനോദ് കുമാറിനെ നെട്ടുകാൽത്തേരി തുറന്ന ജയിലിലേക്ക് സ്ഥലം മാറ്റി. അവിടെ നിന്ന് ബി.സുനിൽ കുമാറിനെ പൂജപ്പുര ജയിൽ സൂപ്രണ്ടാക്കി.

ജയിൽ മേധാവി ഋഷിരാജ് സിംഗിന്റെ ശുപാർശ പ്രകാരമാണ് സ്ഥലം മാറ്റം.

പോക്‌സോ കേസിലെ പ്രതി എസ്. സ്​റ്റീഫനെ കഴിഞ്ഞ നവംബർ 21ന് വിചാരണയ്ക്കു ഹാജരാക്കാൻ പോക്‌സോ കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. ജയിൽ അധികൃതർ അന്നു പ്രതിയെ ഹാജരാക്കുകയോ ഹാജരാക്കാത്തതിന്റെ കാരണം അറിയിക്കുകയോ ചെയ്തില്ല. തുടർന്ന് എം.കെ.വിനോദ്കുമാറിന് കോടതി കാരണം കാണിക്കൽ നോട്ടിസ് നൽകി. പരിശോധനയിൽ വാറന്റ് തീയതി 21നു പകരം 24 എന്നു തിരുത്തിയതായി കണ്ടെത്തി. പിന്നാലെ മാപ്പപേക്ഷിച്ച് ജയിൽ സൂപ്രണ്ട് റിപ്പോർട്ടയച്ചു. അഡിഷനൽ സെഷൻസ് ജഡ്‌ജി പി.എൻ.സീത മാപ്പപേക്ഷ തള്ളി. തുടർന്നാണ് നടപടിയെടുക്കാൻ ജയിൽ മേധാവി ശുപാർശ നൽകിയത്.

റെയ്ഡിൽ സഹകരിച്ചില്ല

ഋഷിരാജ് സിംഗിന്റെ നിർദ്ദേശപ്രകാരം സെൻട്രൽ ജയിലുകളിൽ മൊബൈലും ലഹരിവസ്തുക്കളും കണ്ടെത്താൻ റെയ്ഡ് നടത്തിയിരുന്നു. ഈ പരിശോധനകളിൽ നിന്ന് സൂപ്രണ്ട് വിനോദ്കുമാർ വിട്ടുനിന്നു.