anu

തിരുവനന്തപുരം : കഴിഞ്ഞവർഷം ഇന്തോനേഷ്യയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ നിർഭാഗ്യംകൊണ്ട് വഴുതിപ്പോയ വെങ്കല മെഡൽ മലയാളി അത്‌ലറ്റ് ആർ. അനുവിലേക്ക് തന്നെ എത്തുന്നു. ജക്കാർത്തയിൽ 400 മീറ്റർ ഹർഡിൽസിൽ ഒന്നാമതായി ഫിനിഷ് ചെയ്ത ബഹ്റൈനി താരം കെമി അദ്കോയയെ ഉത്തേജകമരുന്ന് ഉപയോഗത്തിന് വിലക്കിയതോടെയാണ് നാലാംസ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്ന അനു വെങ്കല മെഡലിലേക്ക് ഉയരുന്നത്.

ആഫ്രിക്കൻ വംശജയായ അദിക്കോയയെ അത്‌ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റാണ് നാല് വർഷത്തേക്ക് വിലക്കിയിരിക്കുന്നത്. 2018 ആഗസ്റ്റ് 24 മുതൽ നവംബർ 26 വരെയുള്ള മത്സരങ്ങളിൽ നേടിയ മെഡലുകൾ തിരികെ വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ജക്കാർത്ത ഏഷ്യൻ ഗെയിംസിലെ 4 x 400 മീറ്റർ മിക്സഡ് റിലെയിലെ സ്വർണവും ഇന്ത്യയ്ക്ക് സ്വന്തമാകും. അദിക്കോയ ഉൾപ്പെട്ട ബഹ്റൈൻ ടീമാണ് റിലേ സ്വർണം നേടിയിരുന്നത്. മലയാളിതാരം മുഹമ്മദ് അനസ്, ആരോക്യ രാജീവ്, ഹിമദാസ്, എം.ആർ. പൂവമ്മ എന്നിവർ ഉൾപ്പെട്ട ഇന്ത്യൻ ടീം രണ്ടാംസ്ഥാനത്താണ് ഫിനിഷ് ചെയ്തിരുന്നത്. ബഹ്റിൻ അയോഗ്യരാകുന്നതോടെ ഇന്ത്യയ്ക്ക് സ്വർണം ലഭിക്കും. ഇതോടെ ഗെയിംസിലെ ഇന്ത്യയുടെ ആകെ സ്വർണങ്ങളുടെ എണ്ണം 16 ആയി ഉയരും. വെങ്കലങ്ങൾ 32 ആകും. 24 വെള്ളി ഉൾപ്പടെ ആകെ 71 ആകും.

അനുവിനൊപ്പം മത്സരിച്ച മറ്റൊരു ബഹ്റൈനി താരത്തിന്റെ സാങ്കേതിക പിഴവിന് പരാതി നൽകാൻ ഇന്ത്യൻ ടീം മാനേജ്മെന്റ് കൃത്യസമയത്ത് ഇടപ്പെട്ടിരുന്നുവെങ്കിൽ അനുവിന് ജക്കാർത്തയിൽ തന്നെ വെങ്കല മെഡൽ ലഭിക്കുമായിരുന്നു. മത്സരത്തിൽ ബഹ്റൈന് വേണ്ടി ഇറങ്ങിയ ജമാൽ അമിറത്താണ് മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നത്. അദിക്കോയ 54.48 സെക്കൻഡിൽ ഗെയിംസ് റെക്കാഡോടെയാണ് ഫിനിഷ് ചെയ്തത്. രണ്ടാം സ്ഥാനത്ത് വിയറ്റ്നാമിന്റെ ക്വിച്ച് തിലാനെത്തി.

എന്നാൽ മത്സരത്തിന്റെ ഏഴാം ഹർഡിൽ ക്ളിയർ ചെയ്യുന്നതിനിടെ ജമൽ ആമിനത്തിന്റെ കാൽട്രാക്കിന് വെളിയിൽ പോയിരുന്നു. നിയമം അനുസരിച്ച് ആമിനത്ത് അപ്പോൾത്തന്നെ പുറത്താകേണ്ടതായിരുന്നു. എന്നാൽ ഒഫിഷ്യൽസിന്റെ ശ്രദ്ധയിൽ ഇത് പെട്ടില്ല. ഇന്ത്യൻ പരിശീലക സംഘവും ശ്രദ്ധിച്ചില്ല.

മത്സരഫലത്തെക്കുറിച്ച് പരാതിയുണ്ടെങ്കിൽ പ്രഖ്യാപിച്ച് അരമണിക്കൂറിനകം നൽകണം. സമയം കഴിഞ്ഞാൽ പരിഗണിക്കില്ല. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചശേഷമാണ് വിധി പറയുക. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഏഷ്യൻ അത്‌ലറ്റിക്സ് ഫെഡറേഷന്റെ വകയായി വീഡിയോ ചിത്രീകരണം ഉണ്ടായിരുന്നില്ല. ടെലിവിഷൻ സംപ്രേഷണാവകാശം നേടിയിരുന്ന ചാനലിന്റെ ദൃശ്യങ്ങളാണ് ടെക്നിക്കൽ കമ്മി​റ്റി​യും പരി​ശോധി​ച്ചി​രുന്നത്. അനുവി​ന്റെ കാര്യത്തി​ൽ പരാതി​യുണ്ടാകാത്തതി​നാൽ ഇൗ പി​ഴവ് ശ്രദ്ധി​ക്കപ്പെട്ടതുമി​ല്ല. പി​റ്റേദി​വസം ടി​വി​യി​ൽ നി​ന്നു പകർത്തി​യ മത്സരത്തി​ന്റെ വീഡി​യോ ദൃശ്യം കേരളത്തി​ൽ നി​ന്നൊരു പരി​ശീലകൻ വാട്ട്സാപ്പി​ൽ അയച്ചപ്പോഴാണ് അനുവി​ന് കാര്യം മനസി​ലാകുന്നത്. തുടർന്ന് തന്റെ മെഡലി​നായി​ ഇന്ത്യൻ ടീം അധി​കൃതരെ സമീപി​ച്ചെങ്കി​ലും സമയം കഴി​ഞ്ഞതി​നാൽ ഒന്നും ചെയ്യാനാകി​ല്ലെന്ന മറുപടി​കേട്ട് മടങ്ങി​. തനി​ക്ക് ആ വെങ്കലം ലഭി​ക്കേണ്ടതായി​രുന്നു എന്ന സങ്കടവുമായാണ് അനു ജക്കാർത്തയി​ൽനി​ന്ന് മടങ്ങി​യത്. എന്നാൽ ഒരു വർഷത്തോളമാകുമ്പോൾ നീതി​ ഇൗ ഇരുപത്തി​യാറുകാരി​യെത്തേടി​യെത്തി​യി​രി​ക്കുന്നു. ഇപ്പോഴെങ്കി​ലും തന്നെത്തേടി​ മെഡൽ എത്തി​യതി​ൽ അതി​യായ സന്തോഷമുണ്ടെന്ന് അനു പറഞ്ഞു. മെഡൽ കൈയി​ൽ കി​ട്ടുന്നത് കാത്തി​രി​ക്കുകയാണെന്നും കാര്യവട്ടം എൽ.എൻ.സി.പി​.ഇയി​ൽ പരി​ശീലനം നടത്തുന്ന അനുപറഞ്ഞു. സ്പോർട്സ് കൗൺ​സി​ലി​ലെ ജയകുമാറാണ് അനുവി​ന്റെ കോച്ച്.