തിരുവനന്തപുരം: കേരളത്തിലെ കാമ്പസുകളിൽ വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തനത്തിന് പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവർണർ പി സദാശിവം നിർദ്ദേശിച്ചു. ടൂറിസം വകുപ്പിന്റെ നിശാഗന്ധി സംഗീതോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ വിദ്യാർത്ഥി സംഘടനകൾക്കും രാഷ്ട്രീയകക്ഷികളുമായി ബന്ധമുണ്ട്. അതിനാലാണ് സംഘടനകളുടെ പ്രവർത്തനത്തിന് പെരുമാറ്റച്ചട്ടം ആവശ്യപ്പെടുന്നത്. യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഭവം അപലപനീയമാണ്. സമാധാനശ്രമത്തിന് രാഷ്ട്രീയകക്ഷികളും വിദ്യാർത്ഥികളും തമ്മിൽ ചർച്ച നടത്തണം. ക്രമസമാധാനം തകർക്കുന്ന ശക്തികളെ കോളേജിന് പുറത്താക്കണം. വിദ്യാർത്ഥി സംഘടനകൾ ഒന്നിച്ചിരുന്ന് പ്രശ്നങ്ങൾ പരിഹരിക്കണം. വിദ്യാർത്ഥി സമൂഹത്തിന്റെ വളർച്ചയ്ക്കായിരിക്കണം പ്രഥമ പരിഗണന നൽകേണ്ടത്. കാമ്പസുകൾ സ്വതന്ത്രവും സമാധാനപൂർണവുമാകാൻ ഇത് അനിവാര്യമാണ്. വിദ്യാഭ്യാസ നിലവാരം ഉയരണമെങ്കിൽ കാമ്പസിൽ സമാധാനന്തരീക്ഷം ഉണ്ടാകണം. വിദ്യാർഥികളുടെ ഭാവിയെയും മൗലികാവകാശങ്ങളെയും മുന്നിൽ കണ്ടാവണം സംഘടനകളുടെ പ്രവർത്തനങ്ങൾ. വിദ്യാർത്ഥി സംഘടനകളും രാഷ്ട്രീയകക്ഷികളും കേരളത്തിന്റെ ഭാവിയെക്കുറിച്ച് മറക്കരുതെന്നും ഗവർണർ ഓർമ്മിപ്പിച്ചു.
കേരളത്തിലെ സമൂഹം, രാഷ്ട്രീയനേതൃത്വം എന്നിവയ്ക്ക് മികവുണ്ട്. കഴിഞ്ഞ അഞ്ചുവർഷവും രാജ്യത്തെമ്പാടും താൻ പങ്കെടുക്കുന്ന ചടങ്ങുകളിൽ കേരള മോഡലിനെക്കുറിച്ച് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴത്തെ സംഭവങ്ങൾ അപലപനീയമാണെന്ന് അദ്ദേഹം ആവർത്തിച്ചു
യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷത്തെ പറ്റിയും പരീക്ഷാ ക്രമക്കേട് അടക്കമുള്ള ആരോപണങ്ങളെ പറ്റിയും കേരള സർവ്വകലാശാല വൈസ് ചാൻസലർ ഗവർണർക്ക് വിശദമായ റിപ്പോർട്ട് നൽകിയിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ ഗവർണറെ കണ്ട് വിശദീകരണം നൽകുകയും ചെയ്തിരുന്നു.
യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷങ്ങളെ ഗവർണർ നേരത്തെയും വിമർശിച്ചിരുന്നു. ഇത്തരം സംഭവങ്ങൾ വലിയ അസ്വസ്ഥതയാണ് ഉണ്ടാക്കുന്നതെന്നും സംഭവങ്ങൾ ദൗർഭാഗ്യകരമാണെന്നുമാണ് അദ്ദേഹം പറഞ്ഞത് .