തിരുവനന്തപുരം: കാലവർഷം കനത്തതോടെ ജില്ലയിലെ തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമായി. കടൽക്ഷോഭം രൂക്ഷമായ പ്രദേശത്തുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപാർപ്പിച്ചതായി ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. വലിയതുറ മേഖലയിൽ കഴിഞ്ഞ രണ്ട് ദിവസമുണ്ടായ വ്യാപക കടൽക്ഷോഭത്തിൽ അഞ്ച് വീടുകൾ പൂർണമായും തകർന്നു. കഴിഞ്ഞ കടൽക്ഷോഭത്തിൽ ഭാഗികമായി തകർന്നതും തീരപ്രദേശത്തോട് ചേർന്നതുമായ വീടുകളാണ് തകർന്നത്. ആർക്കും പരിക്കില്ല. നൂറോളം വീടുകളിൽ വെള്ളം കയറി. പ്രദേശത്ത് രാത്രി വൈകിയും കടൽക്ഷോഭം രൂക്ഷമാണ്. ജിയോബാഗുകൾ സ്ഥാപിക്കുന്ന കോൺട്രാക്ടറെ ഇന്നലെ മത്സ്യത്തൊഴിലാളികൾ ഉപരോധിച്ചിരുന്നു. പണം കൃത്യമായി ലഭിക്കാത്തതിനാലാണ് ജിയോബാഗുകൾ സ്ഥാപിക്കുന്ന ജോലി പൂർത്തിയാകാത്തതെന്ന് ഇയാൾ പറഞ്ഞു.
കടൽക്ഷോഭത്തിൽ വീടുകൾ നഷ്ടപ്പെട്ടവരെ ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കുമാണ് മാറ്റിപാർപ്പിച്ചിരിക്കുന്നത്. വലിയതുറ യു.പി.എസ്, ഫിഷറീസ് സ്കൂൾ, ഹാർബർ എൻജിനിയറിംഗ് ഗോഡൗൺ, ബഡ്സ് സ്കൂൾ, സെന്റ് റോച്ച്സ് കോൺവെന്റ് എന്നിവയാണ് ദുരിതാശ്വാസ ക്യാമ്പുകൾ. കടൽക്ഷോഭ പ്രദേശങ്ങളിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള പുനരധിവാസ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും ക്യാമ്പിലുള്ളവർക്ക് ആഹാരവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്നതിന് എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.
വലിയതുറ, കുഴിവിളാകം, കൊച്ചുതോപ്പ് ഭാഗങ്ങളിലാണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്. നിലവിൽ ആറാം വരി, ഏഴാം വരി വീടുകളാണ് കടൽക്ഷോഭത്തിൽ നഷ്ടമായത്. അശാസ്ത്രീയമായി ജിയോബാഗുകൾ സ്ഥാപിക്കുന്നതിന് പകരം പുലിമുട്ട് സ്ഥാപിച്ച് തീരം സംരക്ഷിക്കണം.
-ടോണി ഒളിവർ, കമ്പവല മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്
ക്യാമ്പുകളിൽ കഴിയുന്നവർ
വലിയതുറ ബഡ്‌സ് യു.പി സ്‌കൂൾ: 16 കുടുംബങ്ങളിലെ 58 പേർ
വലിയതുറ ഗവ. യു.പി.എസ്: 65 കുടുംബങ്ങളിലെ 282 പേർ
വലിയതുറ ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്‌കൂൾ: ഒരു കുടുംബത്തിലെ 3പേർ
വലിയതുറ സെന്റ് റോച്ചസ് കോൺവെന്റ്: 30 കുടുംബങ്ങളിലെ 114 പേർ
വലിയതുറ ഫിഷറീസ് ഗോഡൗൺ: 8 കുടുംബങ്ങളിലെ 32 പേർ
ശംഖുംമുഖത്ത് സന്ദർശകർക്ക് വിലക്ക്
കടൽക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ ഇന്ന് മുതൽ ഒരാഴ്ചത്തേക്ക് ശംഖുംമുഖം ബീച്ചിൽ സന്ദർശകർ പ്രവേശിക്കുന്നത് ജില്ലാ ഭരണകൂടം വിലക്കി. അപകടസാദ്ധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് വിലക്ക്.