തിരുവനന്തപുരം: ജല അതോറിട്ടിയുടെ സബ് ഡിവിഷണൽ ഓഫീസുകളിൽ നടത്തിയ 'ഓപ്പറേഷൻ പഴ്‌സ് സ്ട്രിംഗ്‌സ്' മിന്നൽ പരിശോധനയ്ക്കിടെ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർമാർ ഉൾപ്പെടെ നാല് പേരെ സസ്‌പെൻഡ് ചെയ്തു. ക്രമക്കേടുകൾ കണ്ടെത്തിയ 18 ഓഫീസുകളിൽ ഒരു മാസത്തിനകം വിശദപരിശോധന നടത്താൻ മന്ത്രി കെ.കൃഷ്ണൻകുട്ടി നിർദ്ദേശം നൽകി.
തിരുവനന്തപുരം പോങ്ങുംമൂട് വാട്ടർവർക്‌സ് വെസ്റ്റ് സബ്ഡിവിഷനിലെ മുൻ അസി. എക്‌സിക്യുട്ടീവ് എൻജിനീയർ എം.മനോജ്, പാലക്കാട് ഒറ്റപ്പാലം പി.എച്ച് ഡിവിഷൻ അസി. എക്‌സിക്യുട്ടീവ് എൻജിനീയർ എം.എസ്.ബാബു, ഹെഡ്ക്ലാർക്ക് എൻ.വി. ഹബീബ, കണ്ണൂർ മട്ടന്നൂർ വാട്ടർ സപ്ലൈ സബ് ഡിവിഷൻ ഹെഡ് ക്ലാർക്ക് ടി.വി. ബിജു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ടി.വി. ബിജിവ് മണ്ണാർക്കാട് വാട്ടർ അതോറിട്ടി സെക്ഷൻ ഓഫീസിൽ യു.ഡി ക്ലാർക്ക് ആയിരുന്ന കാലത്തു നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് സസ്‌പെൻഷൻ.