തിരുവനന്തപുരം: അക്രമങ്ങളെത്തുടർന്ന് ഒരാഴ്ചയായി അടച്ചിട്ടിരുന്ന യൂണിവേഴ്‌സിറ്റി കോളേജ് ഇന്ന് തുറക്കും.പൊലീസ് സംരക്ഷണത്തിലായിരിക്കും ആദ്യദിനങ്ങളിൽ കോളേജ് പ്രവർത്തിക്കുക.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കോളേജിൽ അച്ചടക്കം നിലനിർത്താൻ കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്‌ടറേറ്റിന്റെ നേതൃത്വത്തിൽ അടിമുടി മാറ്റമാണ് കാമ്പസിൽ നടപ്പാക്കിയിട്ടുള്ളത്. പൂർണ്ണ ചുമതലയോടെ പുതിയ പ്രിൻസിപ്പലായി ഡോ. സി. സി. ബാബുവിനെ നിയമിച്ചതാണ് ഇതിൽ പ്രധാനം. എല്ലാവരെയും സഹകരിപ്പിച്ച് മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു.ഏറെ നാളായി ഇൻചാർജ് ഭരണത്തിലായിരുന്നു കോളേജ്.
കാമ്പസിലും മാറ്റം
കോളേജിലെ രാഷ്ട്രീയ പ്രവർത്തനത്തിന് പ്രിൻസിപ്പലിന്റെ അനുമതി വേണമെന്നാണ് കോളേജ് കൗൺസിലിന്റെ നിർദ്ദേശം. കാമ്പസിലെ രാഷ്ട്രീയ ചിഹ്നങ്ങളും ബാനറുകളും എല്ലാം മാറ്റി. എന്നാൽ, കൊടിമരങ്ങളും മണ്ഡപങ്ങളും മാറ്റിയിട്ടില്ല. കോളേജിന് മുന്നിലും വിവിധ വകുപ്പുകൾക്ക് മുന്നിലും എസ്.എഫ്.ഐ.യുടെ കൊടിമരങ്ങളുണ്ട്. റീ അഡ്മിഷൻ നിർത്തലാക്കിയതാണ് മറ്റൊരു നടപടി.ഇതോടെ ക്ലാസ് കട്ട്‌ചെയ്‌തുള്ള സംഘടനാ പ്രവർത്തനം ഇല്ലാതാവുമെന്നാണ് വിലയിരുത്തുൽ. ഇത് നടപ്പാക്കാനുള്ള അധികാരവും കൗൺസിൽ പ്രിൻസിപ്പലിന് നൽകിയിട്ടുണ്ട്. റീ അഡ്മിഷൻ ഇനി വേണ്ടെന്നാണ് നിലപാട്. റഗുലർ രീതിയിൽ ഏറ്റവും ഉയർന്ന മാർക്കുള്ള വിദ്യാർത്ഥികൾക്ക് മാത്രമേ കോളേജിൽ പ്രവേശനം നൽകൂ എന്നും തീരുമാനിച്ചിട്ടുണ്ട്.
ഐ.ഡി കാർഡ് നിർബന്ധം
സംഘർഷത്തിൽ പുറത്തുനിന്നുള്ളവരും ഉണ്ടായിരുന്നെന്നാണ് പൊലീസ് റിപ്പോർട്ട്. ഭാവിയിൽ ഇത് ഒഴിവാക്കാൻ എല്ലാ വിദ്യാർത്ഥികളും തിരിച്ചറിയൽ കാർഡ് ഉപയോഗിക്കണം. പുറത്തുനിന്നുള്ളവരുടെ സാന്നിദ്ധ്യം പരമാവധി ഒഴിവാക്കണം. വിദ്യാർത്ഥികൾക്ക് അനർഹമായ പരിഗണന നൽകുന്നത് ഒഴിവാക്കാൻ അദ്ധ്യാപകരെയും ജീവനക്കാരെയും പുനർ വിന്യസിച്ചിട്ടുണ്ട്. അദ്ധ്യാപകരുടെ പഞ്ചിംഗ് പുനഃസ്ഥാപിക്കാനും നീക്കമുണ്ട്. ഹോസ്റ്റൽ വിദ്യാർത്ഥികളുടെ ലിസ്റ്റ് പൊലീസിന് കൈമാറും. അന്തേവാസികളുടെ ലിസ്റ്റ് ഹോസ്റ്റലിൽ പ്രദർശിപ്പിക്കാനും നീക്കമുണ്ട്. അദ്ധ്യയന പുരോഗതി വിലയിരുത്തി പോരായ്മകൾ പരിഹരിക്കാൻ വകുപ്പ് തലവൻമാരുടെ നേതൃത്വത്തിൽ കമ്മിറ്റികൾ രൂപീകരിക്കും. ഓരോ ക്ലാസിന്റെയും ചുമതല ഒരു ട്യൂട്ടർക്ക് നൽകും. വകുപ്പ് തലവന്റെയും പ്രിൻസിപ്പലിന്റെയും നിയന്ത്രണത്തിൽ ക്ലാസുകൾ മുന്നോട്ടു കൊണ്ടുപോകും.
കോളേജിലെ യൂണിയൻ ഓഫീസ് ഒഴിപ്പിച്ച് ക്ലാസ് മുറിയാക്കിയിട്ടുണ്ട്. ഉത്തരക്കടലാസുകൾ സൂക്ഷിക്കാൻ പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ സ്‌ട്രോംഗ് റൂം ഒരുക്കും. പരീക്ഷാ ആവശ്യങ്ങൾക്ക് പുതിയൊരു ഓഫീസ് തുറക്കും. കോളേജിലെ പരീക്ഷാ ചീഫ് സൂപ്രണ്ടിനെയും മൂന്ന് അനദ്ധ്യാപകരെയും മാറ്റിയതായും കോളേജ് വിദ്യാഭ്യാസ അഡിഷണൽ ഡയറക്ടർ വ്യക്തമാക്കി.
12നാണ് കോളേജിലെ എസ്.എഫ്.ഐ. യൂണിറ്റ് മുൻ നേതാക്കളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ ആക്രമിച്ചത്. തുടർന്ന് പ്രതിഷേധവുമായി വിദ്യാർത്ഥികൾ തെരുവിലേക്കിറങ്ങുകയായിരുന്നു.