തിരുവനന്തപുരം: റേഷൻഅരി കടത്തുന്നതുമായി ബന്ധപ്പെട്ട് നെടുമങ്ങാട് ഡിപ്പോ ഇൻചാർജും സപ്ലൈകോ സീനിയർ അസിസ്റ്റന്റുമായ ബി.സിജുവിനെ സസ്‌പെൻഡ് ചെയ്തു. ക്രമക്കേടിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ കരാറുകാരനെ നടപടിയിൽ നിന്ന് ഒഴിവാക്കി.
ഗോഡൗണുകളിൽ നിന്ന് അരികടത്തുന്നതിനെ പറ്റി മേയ് 13ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് സംസ്ഥാന വ്യാപകമായി റെയ്ഡുകൾ നടന്നിരുന്നു. നിരവധി ക്രമക്കേടുകൾ കണ്ടെത്തിയെങ്കിലും മിക്കതും ഒതുക്കി. കഴിഞ്ഞ മാസം 20ന് നെടുമങ്ങാട് ഗോഡൗണിൽ ജില്ലാ സപ്ളൈ ഓഫീസറുടെ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയത് പുറത്തറിഞ്ഞതോടെയാണ് ഒരു മാസം കഴിഞ്ഞെങ്കിലും നടപടിയെടുക്കാൻ ഭക്ഷ്യവകുപ്പ് നിർബന്ധിതരായത്.
നെടുമങ്ങാട് താലൂക്കിലെ ഗോഡൗണുകളിൽ നിന്ന് അഞ്ച് ലോഡ് റേഷനരി കരിഞ്ചന്തയിലേക്ക് കടത്തിയതായി ഡി.എസ്.ഒ റിപ്പോർട്ട് കൊടുത്തത് കഴിഞ്ഞമാസം 21നായിരുന്നു. ഇത് സിവിൽ സപ്ലൈസ് ഡയറക്ടർ മന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയതാകട്ടെ ഈ മാസം 17 നും. തുടർന്നാണ് പൊതുവിതരണ വകുപ്പ് ജോയിന്റ് സെക്രട്ടറി സാജു.എസ് സിജുവിനെ സസ്‌പെൻഡ് ചെയ്‌തത്. ക്രമക്കേടിൽ പങ്കുണ്ടെന്ന് തെളിഞ്ഞ കരാറുകാരനെ ഉടൻ മാറ്റണമെന്ന് ഭക്ഷ്യസെക്രട്ടറി മിനി ആന്റണി ഫയലിൽ കുറിച്ചിട്ടുണ്ട്. കരാറുകാരന്റ ബിനാമി ഇടപാടുകൾ അന്വേഷിക്കണം. എല്ലാ മാസവും സിവിൽ സപ്ലൈസിന്റേയും സപ്ലൈകോയുടേയും സംയുക്ത സ്‌ക്വാഡ് ഗോഡൗണുകളിൽ കർശന പരിശോധന നടത്തണമെന്നും സെക്രട്ടറിയുടെ നിർദ്ദേശമുണ്ട്. എന്നാലിത് ഉത്തരവിലില്ല. പതിവുപോലെ ജീവനക്കാരനെ മാത്രം ബലിയാടാക്കി കേസ് അവസാനിപ്പിക്കാനുള്ള നീക്കമെന്നും ആക്ഷേപമുണ്ട്. രേഖകൾ പ്രകാരം നെടുമങ്ങാട്ടെ കരാറെടുത്തിരിക്കുന്ന വിജയ വിദ്യാധരൻ ബിനാമിയാണെന്നാണ് വിവരം.
നെയ്യാറ്റിൻകരയിലും കഴക്കൂട്ടത്തെ മേനംകുളത്തും വർക്കലയിലും നടന്ന പരിശോധനയിലും വലിയ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. നെയ്യാറ്റിൻകര അമരവിള സിവിൽ സപ്ളൈസ് ഗോഡൗണിലെ തിരിമറിക്ക് കൂട്ടു നിന്ന റേഷൻ ഇൻസ്പെക്ടറെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുകയും ഏഴു പേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. കരിഞ്ചന്തയിലേക്ക് കടത്താൻ സൂക്ഷിച്ചിരുന്ന 448 ചാക്ക് അരിയാണ് ഇവിടെ കണ്ടെത്തിയത്.