കല്ലമ്പലം : സ്വന്തം ജീവ൯ നോക്കാതെ കത്തിയമരുന്ന ബസിൽനിന്നും 23 പേരെ രക്ഷപ്പെടുത്തിയ കെ. എസ്. ആർ.ടി.സി കിളിമാനൂർ ഡിപ്പോയിലെ ഡ്രൈവർ പ്രകാശിന്റെ കുടുംബത്തെ സർക്കാരും കൈവിട്ടു. 50 ശതമാനത്തിനു മുകളിൽ പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരണമടഞ്ഞ കല്ലമ്പലം പുതുശ്ശേരിമുക്ക്, പുളിയറകോണം, നെല്ലിക്കുന്നുവിള വീട്ടിൽ പ്രകാശിന്റെ കുടുംബത്തിന് യൂണിയ൯കാരുടെയും ഡിപ്പോയിലെ ജീവനക്കാരുടെയും സഹായങ്ങൾ ലഭിച്ചതല്ലാതെ സർക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരുവിധ സഹായവും ലഭിച്ചില്ല. ജൂണ്‍ 15 നാണ്
ആയൂർ വയയ്ക്കലിൽ കോണ്‍ക്രീറ്റ് മിക്സിംഗ് വാഹനവുമായി പ്രകാശ് ഓടിച്ച കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് തീപിടിച്ചത്. സ്വന്തം ജീവൻപോലും നോക്കാതെ
ബസിലെ മുഴുവ൯ യാത്രക്കാരെയും ബസിന്റെ ഡോർ തുറന്നു പ്രകാശ് രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ കാലുകൾ ബ്രേക്ക്, ക്ലച്ച് പെഡലുകൾക്കിടയിലായതോടെ മു൯വശത്ത് കുടുങ്ങിപോയ പ്രകാശിന് പൊള്ളലേറ്റു. ഒപ്പമുണ്ടായിരുന്ന കണ്ടക്ടർ സജീം ബസിനുള്ളിൽ ഓടിയെത്തി പ്രകാശിനെ രക്ഷിക്കാ൯ ശ്രമിച്ചെങ്കിലും നടന്നില്ല. ‘സാർ എന്നെ നോക്കേണ്ട എങ്ങനെയെങ്കിലും രക്ഷപെട്ടോളൂ ഞാ൯ രക്ഷപ്പെടില്ല’ എന്നാണ് പ്രകാശ് പറഞ്ഞതെന്നും സജീം ഓർക്കുന്നു. ഒടുവിൽ പ്രകാശിനെ പുറത്തെടുക്കുമ്പോഴേയ്ക്കും മാരകമായി പൊള്ളലേറ്റിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ജൂലലായ് മൂന്നിന് മരിക്കുകയായിരുന്നു.
തീവ്രപരിചരണ വിഭാഗത്തിൽ ഓരോ തവണ ഭാര്യ സിന്ധു ചെല്ലുമ്പോഴും ആ അപകടത്തിനു കാരണം താനല്ലെന്നും തനിക്ക് പിഴവു പറ്റിയിട്ടില്ലെന്നും പ്രകാശ് ആവർത്തിച്ചു പറഞ്ഞിരുന്നു.
പ്രകാശിന്റെ വേർപാടിൽ ഒരു നാട് മുഴുവ൯ തേങ്ങുമ്പോഴും സർക്കാരിന്റെ ഭാഗത്തു നിന്നും പ്രകാശിനും കുടുംബത്തിനും യാതൊരു സഹായവും ലഭിച്ചില്ലെന്ന് പ്രകാശിന്റെ കുടുംബം പരാതിപ്പെടുന്നു.
ആകെയുള്ള അഞ്ചു സെന്റിലാണ് വീട് വച്ചിരിക്കുന്നത്. മൃതദേഹം സംസ്കരിക്കാ൯ സ്ഥലമില്ലാത്തതിനാൽ ഭാര്യാ സഹോദരനാണ് ഇടം നൽകിയത്. ചികിത്സയ്ക്കായി മാത്രം ഒന്നര ലക്ഷത്തോളം രൂപ ചെലവായി.
10 ലക്ഷം രൂപയുടെ ബാധ്യതയും ഈ കുടുംബത്തിനുണ്ട്. തിരുവനന്തപുരം കൈമനം ചിത്ര മെഡിക്കൽ ഇ൯സ്റ്റിറ്റ്യൂട്ടിൽ എം.എൽ. ടിക്ക് പഠിക്കുന്ന അഖിലയും. കടുവയിൽ കെ. ടി. സി. ടി കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്ന അഖിലുമാണ് മക്കൾ. ആശ്രിത നിയമനത്തിലുള്ള അർഹത മക്കൾക്കുണ്ടെങ്കിലും ഇതു സംബന്ധിച്ചും കുടുംബാംഗങ്ങൾക്ക് വ്യക്തതയില്ല. സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള സഹായമാണ് ഇനി ഈ കുടുംബത്തിന്റെ ഏക പ്രതീക്ഷ.