എളിമയുടെയും സമചിത്തതയുടെയും ആൾ രൂപമാണ് ദൊരൈസ്വാമി രാജ എന്ന ഡി. രാജ. അതേസമയം ആശയസ്ഫുടതയും നിലപാടുകളിലെ കാർക്കശ്യവും അദ്ദേഹത്തെ വ്യതിരിക്തനാക്കുന്നു. തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിലെ ചിന്നത്തൂർ ഗ്രാമത്തിലാണ് ജനനം. 50 കളിലും അറുപതുകളിലും തമിഴ്നാട്ടിൽ അരങ്ങേറിയ ദ്രാവിഡ രാഷ്ട്രീയ കൊടുങ്കാറ്റ് രാജയെന്ന ദളിത് ബാലനേയും ആകർഷിച്ചു. തിരുവള്ളുവരുടെയും ഭാരതിയാരുടെയും കവിതകളും ആശയങ്ങളും രാജയിലെ മാനവിക മൂല്യങ്ങളുടെ ദേശീയ ബോധത്തെ രാകിമിനുക്കി.
ദേശീയതലത്തിൽ അടിതെറ്റിയ 67 ൽ കോൺഗ്രസിന് തമിഴ്നാട്ടിലും തിരിച്ചടിയേറ്റു. ദ്രാവിഡ പാർട്ടി അധികാരമേറി. ഇത് തമിഴ് രാഷ്ട്രീയത്തിലും അടിമുടി മാറ്റംവരുത്തി. സ്വത്വ രാഷ്ട്രീയവും ദേശീയതയും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഏത് പക്ഷം നിൽക്കണമെന്ന് അറിയാതെ അലഞ്ഞ രാജയെ തേടി കല്യാണസുന്ദരം എന്ന ധിഷണാശാലിയായ കമ്മ്യൂണിസ്റ്റ് നേതാവ് വന്നെത്തി. അന്ന് അദ്ധ്യാപകനായിരുന്ന രാജയെ കല്യാണസുന്ദരമാണ് ചെന്നൈയിലേക്ക് ക്ഷണിക്കുന്നത്. അവിടെ വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങളുടെ അമരക്കാരനായി രാജ 89 വരെ കഴിഞ്ഞു.
ഇന്നും രാജയുടെ മേൽവിലാസം സി.പി.ഐ സംസ്ഥാന കൗൺസിൽ ആസ്ഥാനമായ ബാലൻ ഇല്ലമാണ്. പിന്നീട് ഒരിക്കലും അദ്ദേഹം സ്വദേശമായ വെല്ലൂരിലേക്ക് തിരിച്ചുപോയിട്ടില്ല.
മണ്ഡൽ കമ്മിഷൻ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ തകിടംമറിഞ്ഞ ഉത്തരേന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങൾ ഒരുവശത്തും രാമക്ഷേത്ര നിർമ്മാണ പ്രശ്നം ഉയർത്തി വർഗീയവാദികൾ മറുവശത്തും ഫണമുയർത്തി നിന്നിരുന്ന ഒരു സാഹചര്യത്തിലാണ് ഡി. രാജ എ.ഐ.വൈ.എഫിന്റെ നേതൃപദവി ഏറ്റെടുക്കുന്നത്.
ഇടത് യുവജന സംഘടനയുടെ അമരക്കാരന് കാര്യങ്ങൾ നടത്തിപോവുക അത്ര എളുപ്പമായിരുന്നില്ല. ഇന്ത്യയിലുടനീളം സഞ്ചരിച്ച അദ്ദേഹം യുവജന ഫെഡറേഷന് ആശയപരമായ ഉൾക്കാഴ്ചയും ഉൗർജ്ജവും നൽകി. തൊഴിൽ അല്ലെങ്കിൽ ജയിൽ, രാസ്താരോഖോ എന്നീ സമര പരമ്പരകൾക്ക് വിജയകരമായ നേതൃത്വം നൽകി.
സി.രാജേശ്വരറാവു, ഇന്ദ്രജിത്ത് ഗുപ്ത, എ.ബി. ബർധൻ എന്നീ വിപ്ളവകേസരികളുടെ മാർഗദർശനങ്ങൾ രാജയിലെ നേതൃപാടവത്തിന് കൂടുതൽ കണിശത നൽകി. രാജയിലെ നയതന്ത്രജ്ഞതയെ, കർമ്മകുശലതയെ കണ്ടെത്തിയത് ഇന്ദ്രജിത്ത് ഗുപ്തയായിരുന്നു. വിപ്ളവ മൂശയിൽ വാർത്തെടുത്തത് ബർധനും.
എ.ഐ.വൈ.എഫിന്റെ സമര പരമ്പരയിലേക്ക് 'സേവ് ഇന്ത്യ, ചേഞ്ച് ഇന്ത്യ" എന്ന മുദ്രാവാക്യം കൊണ്ടുവന്നത് രാജയാണ്. തൊഴിൽ അല്ലെങ്കിൽ ജയിൽ എന്ന മുദ്രാവാക്യമായിരുന്നു യുവജന വിദ്യാർത്ഥി സംഘടനകളുടെ ഏക്കാലത്തെയും വിപ്ളവവീര്യമാർന്ന മുദ്രാവാക്യം. പക്ഷേ ആ മുദ്രാവാക്യത്തിന് ലക്ഷ്യബോധമില്ലെന്ന സംശയം സംഘടനയിൽ ഉയർന്നുവന്നു. തൊഴിൽ കിട്ടിയില്ലെങ്കിൽ ജയിൽ മതിയോ എന്ന ചോദ്യമുയർന്നു. അതിനുത്തരമായാണ് രാജ സേവ് ഇന്ത്യ ചേഞ്ച് ഇന്ത്യ എന്ന മുദ്രാവാക്യം കണ്ടെത്തിയത്.
രാജയുടെ കാലത്താണ് എ.ഐ.വൈ.എഫിന് 10 ലക്ഷം മെമ്പർമാർ ഉണ്ടായത്. അതിൽ പകുതിയും കേരളത്തിൽ നിന്നായിരുന്നു. വൈ.എഫിന് വനിതാ, ബാല ഉപ സംഘടനകൾ ഉണ്ടാക്കിയതും രാജയാണ്.
അടിസ്ഥാന വർഗരാഷ്ട്രീയവും വർഗ സമരവും സ്വന്തം ജീവിതത്തിലൂടെതന്നെ ആർജിച്ചെടുത്ത വ്യക്തിയാണ് രാജ. താൻ നിരാഹാര സമരങ്ങൾ നടത്തിയതിനേക്കാൾ കൂടുതൽ നാളുകളിൽ പട്ടിണി കിടന്നിട്ടുണ്ട് എന്ന് അദ്ദേഹം പറയാറുണ്ട്.
ഒരു ദളിതൻ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിപദം വഹിക്കുന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ജാതീയ വർഗീയ രാഷ്ട്രീയത്തെ നേരിടാൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ചെറുതല്ലാത്ത ഉൗർജ്ജം അത് നൽകും.
രാജ എന്ന പ്രായോഗിക രാഷ്ട്രീയക്കാരന് ഇടതുപ്രസ്ഥാനത്തെ ദേശീയ രാഷ്ട്രീയത്തിന്റെ നെറുകയിൽ തന്നെ പ്രതിഷ്ഠിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു.
രാജയുടെ ഭാര്യ ആനി എന്റെ അടുത്ത സുഹൃത്താണ്. സഖാവ് ആനിയെ രാജയോട് അടുപ്പിക്കുന്നതിൽ ചെറുതല്ലാത്ത പങ്ക് ഞാൻ വഹിച്ചിട്ടുണ്ട്. പക്ഷേ രാജ അത് പൂർണമായി സമ്മതിക്കില്ല. അന്നൊക്കെ വൈ.എഫ്. സമ്മേളന പ്രമേയങ്ങളിൽ പ്രധാനമാായ ഒന്ന് പ്രവർത്തകർ അന്തർമത, അന്തർജാതി വിവാഹങ്ങൾ കഴിക്കുമെന്ന പ്രതിജ്ഞയാണ്. അത് നടപ്പിലാക്കിയവരാണ് അന്നത്തെ ദേശീയ, സംസ്ഥാന നേതാക്കളിൽ നല്ലൊരു പങ്കും. അവിടേയും സംഘടനാമൂല്യങ്ങളെ ജീവിതത്തിൽ പകർത്താൻ രാജയ്ക്ക് കഴിഞ്ഞിരുന്നുവെന്ന് സാരം.
രണ്ടുതവണ രാജ്യസഭാംഗമായിരുന്ന രാജ പാർലമെന്ററി പ്രവർത്തനങ്ങളിലും മികവ് തെളിയിച്ചു. അംബേദ്കറുടെ ആരാധകനായ രാജ ദളിതരുടെ വിദ്യാഭ്യാസത്തിന് മുൻഗണന നൽകണമെന്ന പക്ഷക്കാരനാണ്. ദളിത് വിഷയങ്ങളെ അധികരിിച്ച് ഒരു പുസ്തകം രചിച്ചിട്ടുമുണ്ട്. ആംഗലേയ ഭാഷയിലുള്ള രാജയുടെ അനിതര സാധാരണമായ മികവ് കെ.ആർ. നാരായണൻ,പ്രണവ് മുഖർജി, അബ്ദുൾ കലാം എന്നിവരുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ദേശീയ തലത്തിലെയും പ്രാദേശിക തലത്തിലെയും എല്ലാ രാഷ്ട്രീയ നേതാക്കളുമായും വ്യക്തിബന്ധം സ്ഥാപിക്കാൻ രാജയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിലൂടെ വിശാലമായ ഒരു വർഗീയ ഫാസിസ്റ്റ് വിരുദ്ധ നിലപാട് തറയുണ്ടാക്കാനും പോരാട്ട വീഥികളിൽ ഐക്യ മൂട്ടിയുറപ്പിക്കാനും രാജയ്ക്ക് കഴിയട്ടെ എന്ന് പ്രത്യശിക്കുന്നു. വിശാലമായ ഒരു ഇടതു പൊതുവേദിക്കായി അദ്ദേഹം നടത്തുന്ന പരിശ്രമങ്ങൾക്ക് വിജയം നേരുന്നു. അതാണ് ഇന്ത്യയെ രക്ഷിക്കാനുള്ള അവസാന കച്ചിതുരുമ്പ്.
( പ്രമുഖ മാധ്യമ പ്രവർത്തകനാണ് ലേഖകൻ.
ഫോൺ:8606883111)