തിരുവനന്തപുരം: എസ്.എഫ്.ഐയുടെ തീപ്പൊരി നേതാവായിരുന്ന സുനിൽ സി. കുര്യൻ തലസ്ഥാനത്തോട് വിടവാങ്ങി.
ഒരു രാഷ്ട്രീയ പശ്ചാത്തലവുമില്ലാത്ത ഒരു കുടുംബത്തിൽ നിന്നു വന്ന് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി മാറിയ ചരിത്രമാണ് സുനിൽ സി. കുര്യന്റേത്.
കോട്ടയത്തുകാരനായ സുനിലിന്റെ അച്ഛൻ എം.സി. കുര്യൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ഓഫീസറായി ട്രാൻസ്‌ഫറായി വന്നതോടെയാണ് തിരുവനന്തപുരത്ത് ചുവടുറപ്പിക്കുന്നത്. എസ്.എം.വി സ്‌കൂളിൽ എട്ടാം ക്ലാസിൽ ചേർന്ന സുനിൽ എസ്.എഫ്.ഐയിൽ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി. സമരങ്ങൾക്ക് എസ്.എം.വി സ്‌കൂളിൽ നിന്ന് സ്‌കൂൾ യൂണിഫോമിൽ വരിവരിയായി കുട്ടികളെയും നയിച്ചെത്തുന്ന എട്ടാം ക്ലാസുകാരനെ സുഹൃത്തുക്കൾക്കെല്ലാം ഇന്നും ഓർമ്മയുണ്ട്. ടി.എം. ജേക്കബ് വിദ്യാഭ്യാസമന്ത്രിയായിരുന്ന സുനിലിന്റെ സ്‌കൂൾ കാലത്താണ് സ്വകാര്യ പോളിടെക്‌നിക്കിനെതിരായ സമരം നടക്കുന്നത്. സുനിലിന്റെ പ്രീഡിഗ്രി കാലത്തായിരുന്നു പ്രീഡിഗ്രി ബോർഡിനെതിരായ സമരം. 1990കളിൽ എസ്.എഫ്.ഐയുടെ സമരങ്ങളിൽ മുന്നിലായിരുന്നു സുനിൽ. സുനിൽ സിറ്റി കമ്മിറ്റിയുടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. യൂണിവേഴ്‌സിറ്റി കോളേജിൽ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയായിരിക്കെ ചെയർമാനും അവസാന വർഷ വിദ്യാർത്ഥിയായിക്കെ യൂണിവേഴ്‌സിറ്റി കൗൺസിലറായി യൂണിവേഴ്‌സിറ്റി യൂണിയന്റെ ചെയർമാനുമായി. 1993 മുതൽ 96 വരെയുള്ള കാലഘട്ടത്തിൽ എസ്.എഫ്.ഐക്ക് പകരം വയ്ക്കാനാളില്ലാത്ത നേതാവായിരുന്നു സുനിൽ സി. കുര്യൻ എന്നുതന്നെ പറയാം. ഈ കാലത്ത് എം.ടി. വാസുദേവൻ നായർ, ഒ.വി. വിജയൻ, സക്കറിയ, സേതു, ആനന്ദ്, മാധവിക്കുട്ടി അടക്കമുള്ള ആളുകൾ അക്കാലത്ത് യൂണിവേഴ്‌സിറ്റി യൂണിയന്റെ പരിപാടികളുമായി സഹകരിച്ചു.
എസ്.എഫ്.ഐയുടെ സിറ്റി കമ്മിറ്റി സെക്രട്ടറിയായിരിക്കെ തന്നെ ജില്ലാ ജോയിന്റ് സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായി. ഒരുതവണ കണ്ണമ്മൂല കൗൺസിലർ സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ശിശുക്ഷേമ സമിതിയുടെ തുടർച്ചയായാണ് സുനിൽ റെഡ് ക്രോസിലെത്തിയത്. സി.പി.എമ്മിൽ നിന്ന് പുറത്തായി വിവിധ സംഘടനകളിൽ ചേർന്നെങ്കിലും ഒന്നിലും സജീവ പ്രവർത്തകനായില്ല. കോൺഗ്രസിൽ ചേർന്നെങ്കിലും അതിലുണ്ടായ കുറച്ചുകാലം ഒരു ഘടകത്തിലും അംഗമായിരുന്നില്ല. ഒടുവിൽ സി.പി. ജോണുമായുള്ള വ്യക്തിബന്ധം സുനിലിനെ സി.എം.പിയിലെത്തിച്ചു.